ന്യൂഡല്‍ഹി: അടുത്ത മാസം ഒന്നു മുതല്‍ കൂടുതല്‍ തീവണ്ടി സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. 200 യാത്രാ തീവണ്ടികള്‍ അധികം ഓടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നോണ്‍ എസി തീവണ്ടികളായിരിക്കും ഇത്. നിലവില്‍ 15 യാത്ര തീവണ്ടികളാണ് രാജ്യത്ത് സര്‍വ്വീസ് നടത്തുന്നത്.
നിലവില്‍ സര്‍വ്വീസ് നടത്തുന്നതെല്ലാം എസി ട്രെയിനുകളാണ്. ‘ജൂണ്‍ ഒന്ന് മുതല്‍ ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ ഇന്ത്യന്‍ റെയില്‍വെ 200 അധിക ട്രെയിനുകള്‍ ഓടിക്കാന്‍ പോകുന്നു. എയര്‍കണ്ടീഷന്‍ ഇല്ലാത്ത സെക്കന്‍ഡ് ക്ലാസ് ട്രെയിനുകളാകും ഇത്. ഓണ്‍ലൈന്‍ വഴിയാകും ബുക്കിങ്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാക്കും’ പിയൂഷ് ഗോയല്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല സ്ഥലങ്ങളിലായി കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഉടനടി സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്റ്റര്‍ ചെയ്യിക്കണം. ഇതിന്റെ വിവരങ്ങള്‍ റെയില്‍വേക്ക് കൈമാറുകയും വേണമെന്ന് പിയൂഷ്ഗോയല്‍ അറിയിച്ചു.
ആവശ്യമാണെങ്കില്‍ 200 സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നത് എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post