തിരുവനന്തപുരം: അപര്യാപ്തതകള്‍ സമ്മതിക്കുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായിവിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറയുന്നു.
പ്രവാസികള്‍ കേരളത്തിലേക്ക് വന്നാല്‍ ഇവിടെയെല്ലാം തയ്യാറാക്കി കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞതെന്നും കേന്ദ്രം കേരളത്തോട് ഇവിടുത്തെ സജ്ജീകരണങ്ങളെ കുറിച്ച് പലതവണ ആരാഞ്ഞപ്പോഴും എല്ലാം സജ്ജമാണെന്നാണ് മറുപടി നല്‍കിയതെന്നും സുരേന്ദ്രന് പറഞ്ഞു.
വിദേശത്തു നിന്നുവരുന്നവരെ 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരീക്ഷണത്തിലാക്കണമെന്നത് കോവിഡ് പടരാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അതില്‍ വെള്ളം ചേര്‍ത്തു. നിരീക്ഷണ ദിവസം വെട്ടിക്കുറച്ചതു കൂടാതെ കൂടുതലാള്‍ക്കാരെ വീടുകളിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.
ഒന്നേകാല്‍ ലക്ഷത്തിലധികം ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എങ്ങും കാര്യമായ സജ്ജീകരണങ്ങളൊന്നുമൊരുക്കാതെ വിടുവായത്തം പറയുകയാണുണ്ടായതെന്നും കേന്ദ്രസര്‍ക്കാര്‍ ഇത്രവേഗത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കുമെന്ന പ്രതീക്ഷ പിണറായി വിജയനുണ്ടായിരുന്നില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
വിദേശത്തുള്ളവരും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളും വരാന്‍ തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ് കേരളം. രോഗ നിരീക്ഷണ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്തതിലൂടെ കേരളം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Discussion about this post