മലയിന്‍കീഴ്: സന്തോഷവും ആഘോഷവും തിമിര്‍ത്തു പെയ്ത വീട്ടില്‍ മണിക്കൂറുകള്‍ക്കകം പെയ്തിറങ്ങിയത് കണ്ണീര്‍മഴയായിരുന്നു. സന്തോഷവും സങ്കടവും ഒരുമിച്ച് പങ്കുവെച്ച് ഓടിക്കളിച്ചു നടന്ന വീട്ടിലേക്ക് അവസാനയാത്രയിലും ഒരുമിച്ച ജീവനറ്റ ശരീരങ്ങള്‍ മാത്രമായി രാഹുലും ശരത്തുമെത്തി. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി ആംബുലന്‍സില്‍ നിന്നും പുറത്തെടുത്തതോടെ കണ്ണീരടക്കാനാകാതെ പിടയുകയായിരുന്നു സഹപാഠികളും ബന്ധുക്കളും നാട്ടുകാരും. കരയമനയാറ്റിന്റെ ആഴങ്ങള്‍ കവര്‍ന്ന മക്കളെ മാതാപിതാക്കള്‍ അവസാനമായി ഒരുനോക്കു കാണാനെത്തിയത് നെഞ്ചുപൊട്ടുന്ന നിലവിളികളോടെയായിരുന്നു. കൂട്ടുകാരെ ഒരു നോക്കു കാണാന്‍ എത്തിയ സഹപാഠികളും അധ്യാപകരും ഈ കാഴ്ച കണ്ട് കണ്ണീരടക്കാന്‍ പാടുപെടുന്നത് മറ്റൊരു വേദനയായി.
കുണ്ടമണ്‍ഭാഗം മൂലത്തോപ്പ് കടവില്‍ കുളിക്കുന്നതിനിടെയാണു വിളവൂര്‍ക്കല്‍ പനങ്ങോട് താഴേചിറയ്ക്കല് സായി നിവാസില്‍ അനില്‍കുമാറിന്റെയും ശ്രീജയുടെയും മക്കളായ രാഹുല്‍ ചന്ദ്ര(17)യും ശരത് ചന്ദ്ര(13)യും മുങ്ങിമരിച്ചത്. രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്കൊത്തുള്ള ആഘോഷത്തിനിടെയായിരുന്നു ദുരന്തം. ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തിനു ശേഷം മണിക്കൂറുകള്‍ക്കകം രാഹുലിന്റെയും ബുധനാഴ്ച വൈകിട്ടു ശരത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ നിന്നും കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടോടെയാണു മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വീട്ടില്‍ എത്തിയത്.
മൂന്നുദിവസമായി ഊണും ഉറക്കവുമില്ലാതെ മക്കളെയോര്‍ത്ത് തേങ്ങുന്ന പനങ്ങോട്ടെ വീട്ടില്‍ ഇതോടെ ദുഃഖം അലമുറകളായി അണപൊട്ടി. നിയന്ത്രണംവിട്ടു നിലവിളിച്ച അമ്മ ശ്രീജയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ നന്നേ ബുദ്ധിമുട്ടി.
പ്ലസ്ടു വിദ്യാര്‍ത്ഥിയായ രാഹുല്‍ പഠിക്കുന്ന കൊടുങ്ങാനൂര്‍ വിദ്യാഭവനിലെയും എട്ടാം ക്ലാസുകാരനായ ശരത്തിന്റെ പൂജപ്പുര ബേബി ലാന്റ് സ്കൂളിലെയും അധ്യാപകരും വിദ്യാര്‍ഥികളും ഇരുവരെയും അവസാനമായി ഒരു നോക്ക് കാണാനെത്തി. ഐബി സതീഷ് എംഎല്‍എ, മുന്‍സ്പീക്കര്‍ എന്‍ ശക്തന്,പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവരടക്കം ആയിരങ്ങളാണ് അന്തിമോചാരം അര്‍പ്പിച്ചത്. വൈകിട്ട് മൂന്നോടെ മൃതദേഹങ്ങള്‍ ശാന്തികവാടത്തിലേക്കു കൊണ്ടുപോയി.
Discussion about this post