ന്യൂഡല്‍ഹി; വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. വിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്താലയത്തിന്റെയും നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് മൃതദേഹം കൊണ്ടു വരാം എന്നാണ് ഉത്തരവില്‍ പറയുന്നത്.
പുതിയ ഉത്തരവ് വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനു വിലക്കേര്‍പ്പെടുത്തിയതോടെ യുഎഇയില്‍ മോര്‍ച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് ഇരുപത്തേഴു ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങളാണ്. ഡല്‍ഹിയില്‍ നിന്നും അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്നു ഡല്‍ഹി സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ചത്.
അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാന്‍ സാധിക്കില്ല. കൊവിഡ് രോഗികള്‍ മരണപ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്‌കരിക്കണം.
Discussion about this post