മലപ്പുറം: കൊറോണ ബാധിച്ച് മരിച്ച നാല് മാസം പ്രായമായ നൈഹ ഫാത്തിമയുടെ മൃതദേഹം ഖബറടക്കി. കൊറോണ പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷ്‌റഫിന്റെയും ആസിഫയുടെയും മകള്‍ കുഞ്ഞു നൈഹ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്.
കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച രാവിലെ ആറിനാണ് കുഞ്ഞ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മൂന്നുമാസത്തോളം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം, കുഞ്ഞിന് കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ 22-നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കുഞ്ഞിന് കൊറോണ രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
രോഗം സ്ഥിരീകരിച്ച ബുധനാഴ്ച മുതല്‍ ഇതിന് നടപടി ആരംഭിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചില്ല. ബന്ധുക്കളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇതില്‍ വ്യക്തത വരുത്താനാകൂ. മാര്‍ച്ച് 19ന് ഗള്‍ഫില്‍ നിന്നെത്തിയ കുട്ടിയുടെ ബന്ധുവിന് മാര്‍ച്ച് 29ന് രോഗം സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യ വകുപ്പ് നിര്‍ദേശമനുസരിച്ചാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. ഏപ്രില്‍ 13ന് രോഗം ഭേദമായി ഇയാള്‍ ആശുപത്രി വിട്ടു. ഇവര്‍ കുട്ടിയുമായോ കുടുംബാംഗങ്ങളുമായോ സമ്പര്‍ക്കമുണ്ടായിട്ടില്ല. എങ്കിലും ഈ സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
Discussion about this post