‘എന്നെ ഇങ്ങോട്ട് വിളിച്ചാണ് മഞ്ജു വാര്യര്‍ ഫെഫ്കയുടെ കരുതല്‍ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയത്’; താരത്തിന് നന്ദി അറിയിച്ച് ബി ഉണ്ണിക്കൃഷ്ണന്‍

കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ദിവസവേതനക്കാരാണ് ഇതോടെ ദുരിതത്തിലായത്. പ്രതിസന്ധിയിലായ ദിവസവേതക്കാരെ സഹായിക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് നടി മഞ്ജു വാര്യര്‍ ഫെഫ്കയുടെ കരുതല്‍ നിധിയിലേക്ക് സംഭാവന നല്‍കിയത്. സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ താരത്തിന് നന്ദി അറിയിച്ച് ഫെഫ്ക എഴുതിയ കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണിക്കൃഷ്ണന്‍.

താരം തന്നെ ഇങ്ങോട്ട് വിളിച്ചാണ് സംഭാവന നല്‍കിയതെന്നും ഇതിനു പുറമെ ധനസമാഹരണത്തിനു സഹായകമാവും എന്ന ലക്ഷ്യത്തോടെ കല്യാണ്‍ ജുവലേര്‍സ്സുമായി തന്നെ ബന്ധപ്പെടുത്തിയത് മഞ്ജുവാണെന്നും ഉണ്ണിക്കൃഷ്ണന്‍ കുറിച്ചു. കല്യാണ്‍ ജുവലേര്‍സ്സുമായി നടന്ന ചര്‍ച്ച അവസാനിച്ചത് ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവന്‍ ചലച്ചിത്ര തൊഴിലാളികള്‍ക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിയിലേക്കാണെന്നും ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ശ്രീമതി മഞ്ജു വാര്യരോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, ഫെഫ്ക എഴുതിയ കത്ത് പ്രസിദ്ധീകരിക്കുന്നു:
ശ്രീമതി മഞ്ജു വാര്യര്‍, കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ആദ്യം നിശ്ചലമായ മേഖലകളിലൊന്നാണല്ലോ, നമ്മള്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രവ്യവസായം. ഇനിയെന്ന് ചിത്രീകരണം പുന:രാരംഭിക്കാന്‍ കഴിയുമെന്നും നമ്മുക്കറിയില്ല. മലയാളത്തില്‍ മൂവായിരത്തോളം വരുന്ന ദിവസവേതനക്കാരായ സഹപ്രവര്‍ത്തകര്‍ നമ്മുക്കുണ്ട്; കൂടാതെ, സഹസംവിധായകര്‍, ഡബിംഗ് ആര്‍ട്ടിസ്റ്റുകള്‍, നര്‍ത്തകര്‍ അങ്ങിനെ വലിയൊരു വിഭാഗം. അവരൊയെക്കെ എങ്ങിനെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ കഴിയും എന്ന ആശങ്കയില്‍ ഞങ്ങള്‍ കൂടിയാലോചന നടത്തുന്ന സമയത്താണ്, താങ്കള്‍ എന്നെ ഇങ്ങോട്ട് ഫോണില്‍ വിളിച്ച്, ഞങ്ങള്‍ സമാഹരിക്കുന്ന ‘കരുതല്‍ നിധി’യിലേക്ക്, അഞ്ചുലക്ഷം രൂപ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ, ആ പണം അയച്ചു തരികയും ചെയ്തു. താങ്കള്‍ തന്നെയാണ് ഈ ധനസമാഹരണത്തിനു സഹായകമാവും എന്ന ലക്ഷ്യത്തോടെ, കല്യാണ്‍ ജുവലേര്‍സ്സുമായി എന്നെ ബന്ധപ്പെടുത്തുന്നതും. ആ ചര്‍ച്ച വികസിച്ചത്, ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവന്‍ ചലച്ചിത്രതൊഴിലാളികള്‍ക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിയിലേക്കാണ്.

ഫെഫ്കയിലെ അംഗങ്ങളോട് കാട്ടിയ സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും, ഞങ്ങള്‍ക്കു മഞ്ജുവിനോട് നിസ്സീമമായ നന്ദിയുണ്ട്. സ്‌നേഹവും. മഞ്ജുവിന്റെ തുടര്‍യാത്രകളില്‍, ഉള്ളില്‍ സൂക്ഷിക്കുന്ന തൊഴിലാളി വര്‍ഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും ശക്തമായ മൂല്യങ്ങള്‍ തുണയായി എപ്പോഴും കൂടെ ഉണ്ടാവുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.
സ്‌നേഹത്തോടെ,ഉണ്ണിക്കൃഷ്ണന്‍ ബി ( ജനറല്‍ സെക്രറ്ററി, ഫെഫ്ക)

Exit mobile version