തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് എംകെ മുനീറിന്റെ കത്ത്. പ്രതിപക്ഷ നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും എംകെ മുനീര്‍ കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കന്മാര് എന്ന നിലയില്‍ തന്നെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഒക്കെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും രാഷ്ട്രീയം പറയുന്നതിനും സാമൂഹിക മാധ്യമങ്ങളെയും സൈബര്‍ സ്പേസും വിനിയോഗിക്കപ്പെടുന്നു എന്നത് വേദനാജനകമാണെന്ന് എകെ മുനീര്‍ കത്തില്‍ കുറിച്ചു.
ഓരോ ദിവസം കഴിയുംതോറും സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ പുതിയ വീഡിയോകള്‍ അടക്കം തങ്ങളുടെ പ്രസംഗങ്ങളില്‍ ചെറിയൊരു ഭാഗം പോലും അടര്‍ത്തിയെടുത്ത് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കി മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം പോലും അനുകരിച്ചുകൊണ്ട് അവമതിപ്പ് ഉണ്ടാക്കുന്ന വീഡിയോകള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും എംകെ മുനീര്‍ പറഞ്ഞു.
എംകെ മുനീര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ പൂര്‍ണരൂപം
ഈ വിഷമ ഘട്ടത്തിലും ഈ പരാതി അങ്ങേക്ക് എഴുതേണ്ടി വന്നതില്‍ ഖേദമുണ്ട്. ഈ ദുരന്ത കാലത്ത് ഒരു ഭിന്ന സ്വരമോ രാഷ്ട്രീയമായ വേര്‍തിരുവോ ഉണ്ടാകരുതെന്ന് മറ്റാരേക്കാളും ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് അങ്ങ് നല്കുന്ന നിര്‍ദ്ദേശങ്ങളും നിബന്ധനകളും അംഗീകരിക്കുകയും അത് നടപ്പില്‍ വരുത്തുന്നതിന് മുന്നിട്ടിറങ്ങി നിന്നു പ്രവര്‍ത്തിക്കുകയും ചെയ്തു പോരുന്നത്. സര്‍ക്കാര്‍ ഇത്തരുണത്തില്‍ നടപ്പിലാക്കേണ്ടത് സംബന്ധിച്ച് അങ്ങയുടെ ഓഫീസിലേക്ക് ആവശ്യമായ നിവേദനങ്ങളും ദിനംപ്രതി നല്കി പോരുന്നുണ്ട്.
എന്നാല്‍ കേരളത്തിലെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കന്മാര് എന്ന നിലയില്‍ എന്നെയും പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയെയും ഒക്കെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും രാഷ്ട്രീയം പറയുന്നതിനും സാമൂഹിക മാധ്യമങ്ങളെയും സൈബര്‍ സ്പേസും വിനിയോഗിക്കപ്പെടുന്നു എന്നത് വേദനാജനകമാണ്.
രാഷ്ട്രീയ കിടമത്സരത്തിനുള്ള സമയമല്ല ഇതെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളെ ഞങ്ങള്‍ തുടക്കംമുതല്‍ അവഗണിച്ചു വന്നത്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ പുതിയ വീഡിയോകള്‍ അടക്കം ഞങ്ങളുടെ പ്രസംഗങ്ങളില്‍ ചെറിയൊരു ഭാഗം പോലും അടര്‍ത്തിയെടുത്ത് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കി മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം പോലും അനുകരിച്ചുകൊണ്ട് അവമതിപ്പ് ഉണ്ടാക്കുന്ന വീഡിയോകള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത്തരം ആളുകള്‍ ഇനി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം പോലും ഇത്തരം വീഡിയോകളില്‍ കാണാം.
രാഷ്ട്രീയം പറയേണ്ട സന്ദര്‍ഭം അല്ല എന്ന് അങ്ങ് പറയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ റിഹേഴ്സല്‍ തിരശ്ശീലയ്ക്ക് പിറകില്‍ നടത്തുന്നത് കേരളത്തിലെ പ്രതിപക്ഷം അല്ല എന്ന് വിനയപുരസരം ചൂണ്ടിക്കാട്ടട്ടെ. ഇടതുപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു നിന്നാണ് പലസ്ഥലങ്ങളിലും യുവജന സംഘടനാ പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.
സന്നദ്ധം എന്നപേരില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങുന്നു എന്ന് അങ്ങ് പറഞ്ഞപ്പോഴും രാഷ്ട്രീയം നോക്കിയല്ല യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീ.ഷാഫി പറമ്പിലും യൂത്ത് ലീഗ് നേതാവ് ശ്രീ.പി.കെ.ഫിറോസും യുവാക്കളോട് മുന്നിട്ടിറങ്ങാന്‍ ആഹ്വാനം ചെയ്തത്.
2020 മാര്‍ച്ച് 13 നു നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചര്‍ച്ചചെയ്യുന്നതിനും നമുക്ക് കഴിഞ്ഞിരുന്നല്ലോ. എന്റെ 23 മിനിറ്റ് നീളുന്ന പ്രസംഗം രാഷ്ട്രീയം പറയാനാണോ ഞാന്‍ ഉപയോഗിച്ചിട്ടുള്ളത് എന്ന് ആ സഭയില്‍ ഹാജരായ അങ്ങേയ്ക്ക് ബോധ്യമുള്ളതാണെന്ന് വിശ്വസിക്കുന്നു.
എന്റെ നിയമസഭാ പ്രസംഗത്തിലെ ഒരു വരി പോലും എനിക്ക് മാറ്റേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല. അത്ര ശ്രദ്ധയോടെയും ഉത്തരവാദിത്വബോധത്തോടെയുമാണ് ഞാന്‍ പ്രസംഗിച്ചിട്ടുള്ളത്. സാന്ദര്‍ഭികമായി അതിലെ ഒരു വരിയുടെ ഭാഗം അടര്‍ത്തിയെടുത്ത് അതിന്റെ നേര്‍വിപരീതമായ സന്ദേശം പ്രചരിപ്പിക്കുന്നത് മൂലം ഉണ്ടാക്കാവുന്ന തെറ്റിദ്ധാരണയാണ് ഇതിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത് പ്രസംഗത്തിലുടനീളം കോവിഡിന്റെ വെല്ലുവിളികളെ കുറിച്ചും നമ്മുടെ നാട്ടില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പുമാണ് നല്‍കിയിട്ടുള്ളത്. ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി അടക്കം എന്റെ വാക്കുകള്‍ക്കു നല്‍കിയിട്ടുള്ള അംഗീകാരം മറുപടി പ്രസംഗത്തില്‍ സഭ ശ്രവിച്ചതും ആണ്
ഈ രോഗത്തെ കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും ഇനി നാം എന്ത് ചെയ്യണമെന്ന നിര്ദേശവുമല്ലേ ആ സഭയില്‍ ഉന്നയിച്ചത്?.പ്രസ്തുത പ്രസംഗത്തിലെ ഒരു ചെറിയവരി മുറിച്ചെടുത്തു വ്യാജ പ്രചരണം നടത്തുന്നത് ഈ കാലത്തിനും യോജിച്ചതാണോ എന്ന് അങ്ങ് പരിശോധിക്കുമല്ലോ.
കേവലം ഇടതുപക്ഷ മനസ്സുള്ള ആളുകള്‍ മാത്രമല്ല അങ്ങയുടെ പാര്‍ട്ടിയിലെ മുന്‍ പാര്‍ലമെന്റ് അംഗമായ ശ്രീ.എം.ബി.രാജേഷിനെ പോലെയുള്ള യുവ നേതാക്കള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണത്തിന് നേതൃത്വം നല്കുമ്പോള് നാം മനസ്സിലാക്കേണ്ടത് ഇതില്‍ രാഷ്ട്രീയം പറയാനുള്ള അവസരമായി വിനിയോഗിക്കപ്പെടുന്നു എന്നു തന്നെയാണ്.
ശ്രീ.എം.ബി.രാജേഷ് മാര്‍ച്ച് 26, 10:53 നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന – ‘ഒന്നുംകൂട്ടി ചേര്‍ക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷവും………………. എന്ന് തുടങ്ങി അവര്‍ മത്സരിച്ച അടിച്ചുകൂട്ടിയ സെല്‍ഫ് ഗോളുകള്‍’ എന്ന വീഡിയോയും വാട്സാപ്പിലൂടെ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചിത്രം വച്ചു ഇറങ്ങിയിരിക്കുന്ന വീഡിയോയും ഒക്കെ T21 എന്ന് മുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഓരോ വീഡിയോയിലും രാഷ്ട്രീയമായ മുള്‍മുനയോടെ ലീഗുകാരനെന്നും കോണ്‍ഗ്രസ്സുകാരനായ ഒരു മുന്‍ ജനപ്രതിനിധിയെന്നുമൊക്കെ പച്ചയായി പറഞ്ഞു രാഷ്ട്രീയം പറയുന്നത് അഭികാമ്യം ആണോ?
ആ വീഡിയോയില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി കാണുന്നു. സാമൂഹ്യ ഉത്തരവാദിത്വമോ സാമൂഹ്യ ബോധമോ തൊട്ടുതെറിച്ചിട്ടില്ലാത്തവര്‍ ഇനിയും കേരളത്തിലുണ്ട് എന്ന് ഇത്തരം വീഡിയോ നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്നവരിലൂടെ നമുക്ക് ഉറപ്പിക്കാന്‍ കഴിയും. പ്രതിപക്ഷ നേതാവിന്റെയും എന്റെയും പ്രസംഗങ്ങളിലെ വാക്കുകള്‍ അടര്‍ത്തിമാറ്റി രാഷ്ട്രീയം പറയുന്ന ഈ കാലഘട്ടത്തില്‍ ഇനിയും തിരഞ്ഞെടുപ്പുകളില്‍ ഞങ്ങളെ ജയിപ്പിക്കണോ എന്ന ചോദ്യം ഉന്നയിക്കുന്നവരോട് നമുക്ക് ആര്‍ക്കൊക്കെ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തന്നെ കഴിയുമെന്ന ചിന്തയാണ് സര് എനിക്കുള്ളത്.
നമ്മുടെ ജനതയ്ക്ക് ഒന്നിനും ഒരു കുറവും വരാതെ നോക്കാനുള്ള സമയമാണിത്. ഇനി കൂടുതല്‍ പേര്‍ക്ക് രോഗം വരാതെ നോക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് നമ്മള്. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഞങ്ങളെ അധിക്ഷേപിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് അങ്ങ് നടപടി സ്വീകരിക്കുമെങ്കില്‍ ഏറ്റവും മഹനീയം എന്ന് കരുതുന്നു.
അങ്ങ് ഇക്കാര്യത്തില്‍ സുശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇതൊക്കെയാണെങ്കിലും വിമര്‍ശനങ്ങള്‍ ഏത് കോണില്‍ നിന്ന് ഉണ്ടായാലും കോവിഡ് വിഷയത്തില്‍ ഒരുമിച്ചുള്ള പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമാണ് എന്ന് പറയാന്‍ ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.
Discussion about this post