കൊച്ചി; കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഉറ്റവരെ വിട്ട് വീടുകളില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നവര്‍ നിരവധിയാണ്.
എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
അടുത്തിടെയാണ് സുഹാസ് അച്ഛനായത്. ബാംഗളൂര്‍ ആശുപത്രിയില്‍വെച്ചാണ് ഭാര്യ ഡോ. വൈഷ്ണവി മകള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ആറ്റുനോറ്റു പിറന്ന ആദ്യത്തെ കണ്‍മണിയെ കണ്‍നിറയെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഭാര്യയും മകളും ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനു മുന്‍പ് അദ്ദേഹത്തിന് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് എത്തേണ്ടി വന്നു.
ഫെബ്രുവരി എട്ടിന് എറണാകുളത്തേക്ക് വന്ന കളക്ടര്‍ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. നാട്ടില്‍ കൊറോണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായതോടെ അതിന് നേതൃത്വം നല്‍കുകയാണ് കളക്ടര്‍ ഇപ്പോള്‍. വീട്ടുകാര്യത്തേക്കാള്‍ വലുതാണല്ലോ നാട്ടുകാര്യം എന്നാണ് സുഹാസ് പറയുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കൊറോണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എന്നാല്‍ സുഹാസിന്റെ വരവിനായി വൈഷ്ണവിയും കുഞ്ഞും വീട്ടില്‍ കാത്തിരിക്കുകയാണ്. സുഹാസിന് എത്താനാവാത്തതിനാല്‍ മകളുടെ പേരിടല്‍ ചടങ്ങ് അടക്കം മാറ്റിവെച്ചിരിക്കുകയാണ്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഇപ്പോള്‍ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും കൊറോണ ഭീതി മാറാതെ സുഹാസിന് വീട്ടിലേക്ക് എത്താനാവില്ല.