ശ്രീനഗര്‍: ലോകം മുഴുവന്‍ കൊറോണ പേടിയില്‍ കഴിയുമ്പോള്‍ കാശ്മീരിലുള്ള ജനങ്ങള്‍ ലോകാവസാന ഭീതിയിലാണ്. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം കാശ്മീരില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജനം ഭീതിയിലായിരിക്കുകയാണ്.
കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21000വും കടന്ന് കുതിച്ചുയരുകയാണ്. ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച് കൊറോണ ജീവന്‍ കവര്‍ന്നെടുക്കുമ്പോള്‍ വൈറസിന്റെ പിടിയിലാവാതെ എത്രനാള്‍ കഴിയാമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ചിന്തിക്കുന്നത്. അതിനിടെയാണ് കാശ്മീരില്‍ വ്യാഴാഴ്ച ലോകം അവസാനിക്കുകയാണെന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്.
ഒരു വ്യാഴാഴ്ചയാണ് ലോകാവസാനം സംഭവിക്കുകയെന്ന വിശ്വാസം കാശ്മീരികള്‍ക്കിടയില്‍ പൊതുവായുണ്ട്. ഭൂമിക്ക് സമീപത്തുകൂടി മാര്‍ച്ച് 26ന് ഒരു ഛിന്നഗ്രഹം കടന്നുപോകും എന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള വ്യാജപ്രാരണങ്ങളാണ് ഇപ്പോള്‍ കാശ്മീര്‍ താഴ്‌വരയില്‍ പ്രചരിക്കുന്നത്.
ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടുവെന്ന പ്രചാരണമാണ് കാശ്മീരില്‍ വ്യാപകമാകുന്നത്. പ്രചാരണങ്ങള്‍ ശക്തമായതോടെ ജനങ്ങള്‍ ഒന്നടങ്കം പരിഭ്രാന്തരായി. ശ്രീനഗറുള്‍പ്പെടെ കാശ്മീരിലെ ഉള്‍ഭാഗങ്ങളില്‍ വരെ രാത്രിയില്‍ പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം വന്നു.
അതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലര്‍ വീടിനു പുറത്തിറങ്ങി കാത്തിരുന്നു. കൊറോണ ഭീതിയ്ക്കിടയില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത കൂടി കേട്ടതോടെ കാശ്മീരികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന അവസ്ഥയിലായിരിക്കുകയാണ്. കാശ്മീരില്‍ 11 കൊറോണ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.