തൃശ്ശൂർ: കൊറോണ കാലത്ത് വ്യക്തി ശുചിത്വം പാലിക്കലാണ് രോഗത്തിന്റെ സാമൂഹിക വ്യാപനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗമെന്ന് ലോകാരോഗ്യ സംഘടന തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് രോഗം പടർന്നുപിടിക്കും മുമ്പ് തന്നെ ബ്രേക്ക് ദി ചെയിൻ ക്യാപെയിൻ ആരംഭിച്ച് കേരള സർക്കാരും കോവിഡ് 19 രോഗത്തെ പടിക്കുപുറത്താക്കാനുള്ള ഉദ്യമത്തിൽ സജീവമായത്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൈ കഴുകുന്നതിലൂടെ ശരീരത്തിലേക്ക് കടന്നുവരാൻ സാധ്യതയുള്ള വൈറസിനെ ഇല്ലാതാക്കാമെന്ന സന്ദേശമാണ് ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ മുന്നോട്ട് വെയ്ക്കുന്നത്.
ഈ ക്യാംപെയിൻ ഏറ്റെടുത്ത് സോഷ്യൽമീഡിയയിലൂടെ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ട രണ്ട് കുട്ടികളാണ് ഇപ്പോൾ ശ്രദ്ധേയരാകുന്നത്. ഇരുവരും കൈ കഴുകുന്നതിന്റെ ആവശ്യകതയും ബ്രേക്ക് ദ ചെയിൻ ക്യാംപെയിനും വിശദീകരിച്ച് തന്നെ പറയുന്നുമുണ്ട്. ആറുവയസുകാരി ദിയയും രണ്ടാം ക്ലാസുകാരൻ നന്ദുട്ടനുമാണ് ഈ താരങ്ങൾ. ദിയ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടരുന്നത് തടയേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിക്കുമ്പോൾ കൈ കഴുകുന്നത് എങ്ങനെയെന്ന് വ്യക്തമായി കാണിച്ചു തരികയാണ് നന്ദുട്ടൻ ചെയ്യുന്നത്.
ഇരുവരുടേയും വീഡിയോയ്ക്ക് സോഷ്യൽമീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ഞുപ്രായത്തിൽ തന്നെ സാമൂഹ്യപ്രതിബദ്ധത കാണിക്കുന്ന ഈ കുട്ടികളെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ. ഇവരുടെ വീഡിയോ കണ്ട് പ്രചോദിരായ നിരവധി കുട്ടികൾ ഇപ്പോൾ ഇത്തരത്തിലുള്ള കൊറോണയ്‌ക്കെതിരായ ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തിയിട്ടുമുണ്ട്.