മൂല്യത്തിനാണ് പ്രാധാന്യം വ്യക്തികള്‍ക്കല്ല!അച്ചടക്ക നടപടിയെടുക്കാന്‍ മടിയില്ല; പാര്‍ട്ടി അന്വേഷിച്ചു; പികെ ശശിക്കെതിരെ നടപടിയും ഉണ്ടായി

എംഎല്‍എയെ ആറുമാസത്തേക്ക് മാറ്റി നിര്‍ത്തി ശക്തമായ നടപടിയെടുത്ത് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രവര്‍ത്തിയാണ് പാര്‍ട്ടി കൈക്കൊണ്ടത്.

തിരുവനന്തപുരം: യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പികെ ശശി എംഎല്‍എയെ സിപിഎം ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായത്. മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമാണ് കമ്മീഷനിലെ അംഗങ്ങള്‍. നേരത്തെ, യുവതിയുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മീഷന്‍ പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.

പികെ ശശി യുവതിയോട് ഫോണിലൂടെ മോശമായി സംസാരിച്ചതാണ് പരാതിക്ക് അടിസ്ഥാനമെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത്.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്മീഷന്‍ എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കാമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഏകകണ്ഠമായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. പികെ ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു.

അതേസമയം, ആരോപണം ഉയര്‍ന്നിട്ടും എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടായില്ലെന്ന് പ്രചരിപ്പിച്ച് വിമര്‍ശകര്‍ ഏറെ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രണ്ടംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും, കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ തന്നെ എംഎല്‍എയെ ആറുമാസത്തേക്ക് മാറ്റി നിര്‍ത്തി ശക്തമായ നടപടിയെടുത്ത് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രവര്‍ത്തിയാണ് പാര്‍ട്ടി കൈക്കൊണ്ടത്.

എത്ര ഉന്നതനായാലും പാര്‍ട്ടി മൂല്യങ്ങള്‍ക്ക് അതീതനല്ലെന്ന സന്ദേശം തന്നെയാണ് ഈ നടപടിയിലൂടെ സിപിഎം കൈമാറിയിരിക്കുന്നത്. ഇക്കാര്യം തന്നെയാണ് സിപിഎമ്മിനെ മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ജനങ്ങളും അടയാളപ്പെടുത്തുന്നു.

ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തിലെ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ഇതിനിടെ, ഉന്നത നേതാക്കള്‍ക്കെതിരെ പരാതിയുടെ പുറത്ത് അറസ്റ്റുണ്ടായിട്ടും പാര്‍ട്ടി നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ ഒഴിവുകഴിവു പറഞ്ഞ് മാറി നടന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയത് പ്രഹസനമായിരിക്കുകയാണ്.

പികെ ശശിക്കെതിരെ കൈക്കൊണ്ട നടപടിയില്‍ സംതൃപ്തയാണെന്ന് പരാതി ഉന്നയിച്ച യുവതിയും പ്രതികരിച്ചു.

Exit mobile version