കണ്ണൂര്‍: ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നതിന്റെ അനുഭവം പങ്കുവെച്ച കണ്ണൂര്‍ സ്വദേശി ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലൂ ട്രാവലറിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. ഷാക്കിറിന്റെ പ്രവര്‍ത്തി മാത്യകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും കെകെ ഷൈലജ ടീച്ചര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
നാല് മാസമായി ബൈക്ക് യാത്രയിലായിരുന്ന ഷാക്കിര്‍ ഇറാനും അസര്‍ ബൈജാനും കടന്ന് റഷ്യയിലേക്ക് പോകാന്‍ പറ്റാതെ ബൈക് അസര്‍ബൈജാനില്‍ വച്ച്, കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുകയായിരുന്നു. വൈറസ് ബാധയുണ്ടോയെന്ന സംശയം കേരള ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തു.
കണ്ണൂരില്‍ വിമാനമിറങ്ങിയ ഉടന്‍ മെഡിക്കല്‍ ടീമിനെ വിവരമറിയിച്ച ഷാക്കിറിനെ സര്‍ക്കാര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ സര്‍ക്കാര്‍ ആംബുലന്‍സില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നതും തുടര്‍ന്നുള്ള എല്ലാ പരിശോധനകളും കാത്തിരിപ്പുകളുമെല്ലാം ഷാക്കിര്‍ തന്റെ വ്‌ലോഗിലൂടെ പങ്കുവെച്ചു.
യാത്രയിലുടനീളം മുഖാവരണം ധരിച്ചതിനാലും ബൈക്കിലൂടെയുള്ള യാത്രയില്‍ ഹെല്‍മറ്റും മുഖം മറച്ചതും തന്നെ ഒരുപാട് രക്ഷിച്ചുണ്ടെന്ന് ഷാക്കിര്‍ വീഡിയോ വ്‌ലോഗില്‍ പറയുന്നു. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും കഫമെടുത്ത് ആലപ്പുഴയില്‍ പരിശോധനക്കയച്ചതില്‍ നിന്നും ഷാക്കിറിന്റെ ഫലം നെഗറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം.
ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച ചികിത്സ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ഷാക്കിര്‍ തനിക്ക് ലഭിച്ച പരിരക്ഷയില്‍ സന്തോഷം രേഖപ്പെടുത്തി. ആരെങ്കിലും രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ ഒരു മടിയും കൂടാതെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഷാക്കിര്‍ വ്യക്തമാക്കി. ഷാക്കിറിന്റെ വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രിയും അഭിനന്ദിച്ചു.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി തികച്ചും മാത്യകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post