കൊല്ലം: ഉദ്ഘാടന വേദിയില്‍ തനിക്ക് സീറ്റ് ഒരുക്കാത്തതിന്റെ പേരില്‍ ക്ഷുഭിതനായി കൊടിക്കുന്നില്‍ സുരേഷ് എംപി. മന്ത്രി ടിപി രാമകൃഷ്ണന്‍ പങ്കെടുത്ത കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയിലാണ് തനിക്ക് സീറ്റ് നല്‍കിയില്ലെന്ന് എംപി പരിഭവം പറഞ്ഞത്.
ഇതോടെ ചടങ്ങ് അവസാനിക്കുന്നതിന് മുന്നേ മന്ത്രി വേദി വിടുകയും ചെയ്തു. കേന്ദ്ര മന്ത്രി ആയിരിക്കെ താനാണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും എംപി ആരോപിച്ചു.
ഇത്രയൊക്കെ ചെയ്തിട്ടും തന്നോട് ആലോചിക്കാതെയാണ് ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം തീരുമാനിച്ചതെന്നും എംപി ഓഫിസില്‍ നല്‍കിയ ക്ഷണകത്തു പ്രകാരം പരിപാടിക്ക് എത്തിയിട്ടും തനിക്ക് വേദിയില്‍ സീറ്റ് നല്‍കിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഇതുകൂടാതെ മന്ത്രിയുടെ പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്നും എംപി പരിഭവം പറഞ്ഞു. എന്നാല്‍ ഇക്കാര്യം മന്ത്രി ടിപി രാമകൃഷ്ണനെ ചൊടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന് അയക്കുന്ന കത്തുകള്‍ എംപിക്കും അയക്കുന്നുണ്ടെന്ന് മന്ത്രി എംപിക്ക് മറുപടിയും നല്‍കി.
അതിനിടെ കൊടിക്കുന്നില്‍ സുരേഷ് പ്രസംഗം തുടരവെ ടിപി രാമകൃഷ്ണന്‍ വേദി വിടുകയും ചെയ്തു. മറ്റ് പരിപാടികളുണ്ടായിരുന്നതിനാല്‍ എംപിയുടെ അനുവാദത്തോടെയാണ് വേദി വിട്ടതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
Discussion about this post