ചെന്നൈ: തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച വിജയ് സേതുപതി ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് ഇന്നു കാണുന്ന തരത്തിലെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നത്. നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടും നാളുകള്‍ തള്ളിനീക്കിയ വിജയ് സേതുപതിക്ക് ഇന്ന് കാണുന്ന നിലയില്‍ എത്തിയതിന് പിന്നില്‍ ഒരുപാട് നാളത്തെ അധ്വാനത്തിന്റെ കഥ പറയാനുണ്ട്.
ഏറെ കാലം ആരുമറിയാതെ പോയ താരത്തെ കണ്ടെത്തി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റ് കാലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വൈറലാവുകയാണ്.
എട്ടുവര്‍ഷം മുമ്പ് 2010 ല്‍ ‘തെന്‍മേര്‍ക്ക് പറവകാട്ര്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിജയ് സേതുപതിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ പോസ്റ്റ്.
”തെന്‍മെര്‍ക്ക് പറവ കാട്ര് നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു. ആശംസകള്‍ വിജയ്.”എന്നായിരുന്നു ആ പോസ്റ്റ്. തുടര്‍ന്ന് കാര്‍ത്തികിന്റെ പോസ്റ്റിന് താഴെ ആരാണീ വിജയ് സേതുപതി എന്നൊരാള്‍ കമന്റിട്ടു. അതിന് കാര്‍ത്തിക് നല്‍കിയ മറുപടി ”നിങ്ങളത് വൈകാതെ അറിയും” എന്നായിരുന്നു. പിന്നീട് സംഭവിച്ചത് തമിഴ് സിനിമയില്‍ പുതിയ സിനിമാ സംസ്‌കാരത്തിന് തന്നെ തുടക്കമിട്ട മാറ്റങ്ങളായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മറുപടി വൈറലാകുന്നതും അതുകൊണ്ട് തന്നെ.
കാര്‍ത്തിക് സുബ്ബരാജിന്റെ പിസ്സയിലൂടെയാണ് വിജയ് സേതുപതി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കാര്‍ത്തികും വിജയും ഒന്നിച്ച വലിയ ഇരൈവി, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളും ഹിറ്റായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക്ക് ഒരുക്കുന്ന പേട്ടയില്‍ ഒരിടവേളക്ക് ശേഷം വിജയും കാര്‍ത്തിക്കും ഒന്നിക്കാനിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആ പഴയ കമന്റ് വൈറലാകുന്നത്.