ധര്‍മ്മശാല: വിശ്വാസികള്‍ നേര്‍ച്ചയായി നല്‍കിയ ആടുകളെ ലേലം ചെയ്തതിലൂടെ ക്ഷേത്രത്തിന് ലഭിച്ചത് ഒരു കോടിയിലധികം രൂപ. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ ദിയോദിധ് പ്രദേശത്തുള്ള ബാബ ബാലക്‌നാഥ് ക്ഷേത്രത്തിനാണ് ആടുകളെ ലേലം ചെയ്തതിലൂടെ ഇത്രയും വലിയ തുക ലഭിച്ചിരിക്കുന്നത്.
6,371 ആടുകളെയാണ് ക്ഷേത്ര ഭാരവാഹികള്‍ ലേലം ചെയ്തത്. ഇതിലൂടെ ലഭിച്ചതാകട്ടെ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയും. ക്ഷേത്ര ഓഫീസര്‍ ഒപി ലഖന്‍പാല്‍ ആണ് ടൈംസ് ഓഫ് ഇന്ത്യയോട് ഈ കാര്യം വെളിപ്പെടുത്തിയത്.
‘ഭക്തര്‍ നേര്‍ച്ചയായി ആടുകളെയാണ് ക്ഷേത്രത്തിന് നല്‍കുന്നത്. എല്ലാ ആഴ്ചകളിലും തിങ്കള്‍, വെള്ളി ദിവസങ്ങളിലാണ് ക്ഷേത്രം ലേലം നടത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1,32,15400 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ക്ഷേത്രത്തില്‍ മൃഗങ്ങളെ ബലി നല്‍കാറില്ലെങ്കിലും ആളുകള്‍ ഇപ്പോഴും അവരുടെ ക്ഷേമത്തിനായി ആടുകളെയാണ് നേര്‍ച്ച നല്‍കുന്നതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.
Discussion about this post