ന്യൂഡൽഹി: ഉക്രൈൻ വിമാനം മിസൈലുപയോഗിച്ച് തകർത്തത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇറാൻ ജനത ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുകയും യുഎസ്-ഇറാൻ ബന്ധം വഷളാവുകയും ചെയ്തതിനിടെ ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ന് വൈകിട്ടോടെ അദ്ദേഹം ഡൽഹിയിൽ വിമാനമിറങ്ങും.
ഡൽഹിയിൽ വിദേശകാര്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന റായ് സിന ഡയലോഗിൽ ജവാദ് സരീഫ് നാളെ സംസാരിക്കും. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം മധ്യേഷ്യ സംഘർഷത്തിന്റെ വക്കിൽ നിൽക്കെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നാളെ മൂന്നരയ്ക്ക് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ജവാദ് സരീഫ് വൈകിട്ട് അനൗപചാരിക സംഭാഷണത്തിനായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്തും. വ്യാഴാഴ്ച വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ചർച്ച നടത്തിയ ശേഷം ഇറാൻ വിദേശകാര്യമന്ത്രി മുംബൈയിലേക്ക് പോകും.
ഇറാനും യുഎസും സംഘർഷം ഒഴിവാക്കണമെന്നും മധ്യേഷയിലെ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post