കൊച്ചി: ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്കായി രണ്ട് ദിവസം മാറ്റി വയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനു സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്റ്റേറ്റ് അറ്റോര്‍ണി ജനറലാണ് ഇക്കാര്യം അറിയിച്ചത്.
ദര്‍ശനത്തിനായി മൂന്ന് ദിവസം മാറ്റി വയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിന് മറുപടിയായിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ ഇത് പ്രായോഗികമാണോ എന്ന് കോടതി ആരാഞ്ഞു.
യുവതീ പ്രവേശനത്തിന് വേണ്ടി പ്രത്യേക സൗകര്യം ഒരുക്കിയോ എന്നും യുവതീ പ്രവേശനത്തിനായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അതിനായി എത്രസമയം വേണ്ടിവരുമെന്നും ഹൈക്കോടതി ആരാഞ്ഞു.
യുവതികള്‍ക്ക് പ്രവേശനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്ത് ക്രമീകരണം ഒരുക്കാനാകുമെന്ന് അറിയിക്കാന്‍ പത്ത് ദിവസത്തെ സമയം ആവശ്യപ്പെട്ടു. എന്നാല്‍ വിവരം ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.
ശബരിമലയിലേക്ക് പോകണമെന്ന് പറയുന്ന സ്ത്രീകളെ ആക്രമിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. പോകാന്‍ തയ്യാറാകുന്നവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഭീഷണികൊണ്ട് ജോലി വരെ പോകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിക്കാരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി.
മൗലികാവകാശത്തെ പോലെ തന്നെ വ്യക്തിപരമായ സുരക്ഷയും പ്രധാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരെ പ്രശ്നബാധിത മേഖലയിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി പറഞ്ഞു.
Discussion about this post