തിരുവനന്തപുരം: വൈക്കത്തഷ്ടമി ഉത്സവത്തിന് ഇടയിലും പ്രത്യക്ഷപ്പെട്ട ജാതീയ വിവേചന നടപടി ഉപേക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശം. ഉത്സവത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തി ജീവനെ ഒഴിവാക്കിയ നടപടി റദ്ദാക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ നിര്‍ദേശിക്കുകയായിരുന്നു. ജീവനെ ജോലിയില്‍ നിന്ന് ഒഴിവാക്കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നവംബര്‍ 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടി ലിസ്റ്റില്‍ തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ജീവനെ പ്രസാദവിതരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്സവത്തിന് കൊടിയേറിയതിന് ശേഷം പുറത്തിറക്കിയ പുതിയ ലിസ്റ്റില്‍ ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച 6 പട്ടികജാതിക്കാരില്‍ ഒരാളാണ് ജീവന്‍.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണ് ഇരുപത്താറുകാരനായ ജീവന്‍ ചുമതലയേറ്റത്.
വൈക്കം ചെട്ടിമംഗലം ജീവാലയത്തില്‍ പരേതനായ ഗോപാലന്റെയും തങ്കമണിയുടെയും മകനായ ജി ജീവന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വൈക്കം ഗ്രൂപ്പിലുള്ള അറുന്നൂറ്റിമംഗലം തേവര്‍ധാനം മഹാവിഷ്ണുക്ഷേത്രം മേല്‍ശാന്തിയാണ്.
Discussion about this post