തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംയുക്ത പ്രതിഷേധത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഞങ്ങള്‍ ഇന്നലെ, ഇന്നും, നാളെയും ആര്‍എസ്എസിനെതിരെ സമരമുഖത്തു തന്നെയാണെന്നും സീസണലായി ഇറങ്ങുന്നത് കൊണ്ടാണ് താങ്കള്‍ക്ക് സ്ഥലജല ഭ്രമം തോന്നുന്നതെന്നും മുല്ലപ്പള്ളിയ്ക്കെതിരെ റഹീം പ്രതികരിച്ചു.
ഫേസ്ബുക്കിലൂടെയാണ് റഹീം മുല്ലപ്പള്ളിയെ വിമര്‍ശിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ആര്‍എസ്എസുകാര്‍ക്കെതിരെ നിങ്ങള്‍ അന്ന് നിറയൊഴിച്ചിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന് നേര്‍ക്ക് അവര്‍ തോക്കു ചൂണ്ടില്ലായിരുന്നുവെന്നും നിങ്ങള്‍ നടത്തുന്ന സീസണല്‍ സമരങ്ങളില്‍ സംഘപരിവാറിനെ പ്രതിരോധിക്കാനാകില്ലെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
എഎ റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വോട്ടിനു വേണ്ടി ഒച്ചവെയ്ക്കാതിരിക്കൂ.. വോട്ടും തിരഞ്ഞെടുപ്പും ഇല്ലാത്ത കാലമാണ് വരാന്‍ പോകുന്നതെന്ന് ആ മുല്ലപ്പള്ളിക്ക് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ..നമ്മുടെ രാജ്യം ജനാധിപത്യത്തിനായി സമരമുഖത്താണ്. കണ്ണു തുറന്നുകാണൂ.. താങ്കള്‍ മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും സമരത്തിന് സഹകരിക്കില്ലെന്ന് പറഞ്ഞു. പകരം കോണ്‍ഗ്രസ്സ് എംപിമാര്‍ കേരളത്തില്‍ ലോങ്ങ് മാര്‍ച്ച് നടത്തുമത്രേ. താങ്കള്‍ ഇതു പറയുമ്പോള്‍ കര്‍ണാടകയില്‍ സിപിഐ എംപി ബിനോയ് വിശ്വം അറസ്റ്റിലായി.
നിങ്ങളുടെ രാജ്യസഭാ അംഗങ്ങളെ തെരുവില്‍ കാണാനില്ല, പാര്‍ലമെന്റില്‍ അവരുടെ ശബ്ദം കേള്‍ക്കാനില്ല. രാഹുല്‍ഗാന്ധി വിദേശയാത്രയില്‍, യെച്ചൂരിയും രാജയും പോലീസ് കസ്റ്റഡിയില്‍.മതേതര സഖ്യം തകര്‍ത്തതിന് സിപിഐഎം മാപ്പ് പറയണമെന്ന കല്‍പ്പന കേട്ടു. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ആര്‍എസ്എസുകാര്‍ക്കെതിരെ നിങ്ങള്‍ അന്ന് നിറയൊഴിച്ചിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന് നേര്‍ക്ക് അവര്‍ തോക്കു ചൂണ്ടില്ലായിരുന്നു. തീവ്ര വര്‍ഗീയതക്കെതിരെ നിങ്ങള്‍ മൃദു സമീപനമെടുത്തപ്പോള്‍ അവര്‍ വളര്‍ന്നു. രാജ്യം കീഴടക്കി, ഇന്ന് രാജ്യത്തിന് നേര്‍ക്കു അവര്‍ നിറയൊഴിച്ചു രസിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, രാഹുലിനു പോലും താല്പര്യമുണ്ടായിരുന്നില്ല കേരളത്തില്‍ വന്നു മത്സരിക്കാന്‍ എന്നാണ് വാര്‍ത്ത. താങ്കളും കേരളത്തിലെ ചില കോണ്‍ഗ്രസ്സ് നേതാക്കളുമാണ് ഉത്തരേന്ത്യയില്‍ ബിജെപിക്ക് സുവര്‍ണാവസരം നല്കി, രാഹുലിനെ വയനാട്ടിലേക്ക് നിര്‍ബന്ധിച്ചിറക്കിയത്. ബിജെപി അത് പ്രചാരണായുധമാക്കി. ഉത്തരേന്ത്യ ബിജെപി തൂത്തുവാരി. രാജ്യം പോയാലും കുഴപ്പമില്ല, കേരളത്തില്‍ ഇടതുപക്ഷം തോറ്റു കാണണമെന്നേ താങ്കള്‍ക്കും, അതിനായി കരുനീക്കിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നുള്ളു.
ഇനിയെങ്കിലും തിരിച്ചറിയൂ, വര്‍ഗീയ ഫാസിസത്തിനെതിരായ സമരങ്ങളില്‍ ഇടവേളകളില്ല. നിങ്ങള്‍ നടത്തുന്ന സീസണല്‍ സമരങ്ങളില്‍ സംഘപരിവാറിനെ പ്രതിരോധിക്കാനാകില്ല.
ആര്‍എസ്എസ് ഇത്രയേറെ, ഇതിനേക്കാള്‍ അപകടകാരികളാണ്. അത് പണ്ടേ തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ ആര്‍എസ്എസിനെതിരെ നടത്തിയ മഹാ പ്രതിരോധങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍.. ത്യാഗ നിര്‍ഭരമായ എല്ലാ പ്രതിരോധങ്ങളെയും നിങ്ങള്‍, പരിഹസിച്ചു.. ചിലപ്പോഴൊക്കെ അവര്‍ക്കൊപ്പം ചേര്‍ന്ന് പരസ്യമായി ഞങ്ങളെ പുലഭ്യം പറഞ്ഞു.
ഞങ്ങള്‍ ഇന്നലെ, ഇന്നും, നാളെയും ആര്‍എസ്എസിനെതിരെ സമരമുഖത്തു തന്നെയാണ്. ഒടുവിലത്തെ കമ്മൂണിസ്റ്റും ആ കടമ നര്‍വഹിക്കും. സീസണലായി ഇറങ്ങുന്നത് കൊണ്ടാണ് താങ്കള്‍ക്ക് സ്ഥലജല ഭ്രമം തോന്നുന്നത്. ധൈര്യമായിരിക്കൂ ഏതു ഫാസിസത്തെയും നേരിടാന്‍ ധീരതയുള്ള യൗവ്വനം ഇവിടുണ്ട്. അങ്ങ് ഭയപ്പെടരുത്.
Discussion about this post