പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമെമ്പാടും ആളിക്കത്തുകയാണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ എല്ലായിടത്തും പ്രതിഷേധം ഇരമ്പിക്കയറുക തന്നെയാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള ഭരണാധികാരികള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ആ ഭരണഘടന കുഴിച്ചു മൂടാന്‍ ശ്രമിക്കുമ്പോള്‍ രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ആവേശകരമായ കാഴ്ച തന്നെയാണ്.
ഇന്ത്യയുടെ യുവത്വമാണ് സര്‍വകാലാശാലാ കാമ്പസുകളില്‍ ഈ പോരാട്ടത്തിന് തുടക്കമിട്ടതെന്നതും ഇപ്പോള്‍ നേതൃത്വപരമായ പങ്കു വഹിച്ച് ആ പോരാട്ടത്തെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്നതെന്നുമുള്ള വസ്തുത അതിനേക്കാള്‍ ആവേശകരമാണ്. പുതുതലമുറ യുവത്വത്തെക്കുറിച്ചുള്ള പാരമ്പര്യവാദികളുടെ കാഴ്ചപ്പാടുകളെ കീഴ്‌മേല്‍ മറിക്കുന്നതു കൂടിയാണ് ഇപ്പോള്‍ ഇന്ത്യന്‍ തെരുവുകളില്‍ നടക്കുന്ന ചരിത്ര പ്രക്ഷോഭം.
അതിശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന മോദി – ഷാ കൂട്ടുകെട്ടും സംഘപരിവാരവും ഒക്കെ പ്രതീക്ഷിച്ചതിന്റെ അപ്പുറത്തു പോയി എന്നതും വാസ്തവമാണ്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളില്‍ പലരും ഇപ്പോള്‍ പല സ്വരത്തില്‍ സംസാരിക്കുന്നത്. എത്ര പ്രതിഷേധിച്ചാലും സര്‍ക്കാര്‍ പൗരത്വ ബില്ലും രജിസ്റ്ററുമായി മുന്നോട്ടു പോകും എന്നു പറഞ്ഞ അമിത്ഷായുടെ സഹമന്ത്രി പൗരത്വ രജിസ്റ്റര്‍ പെട്ടെന്ന് നടപ്പാക്കില്ല എന്നു പറയുന്നത് അതു കൊണ്ടാണ്. മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയും ഇന്റര്‍നെറ്റടക്കമുള്ള ആശയവിനിമയോപാധികള്‍ രാജ്യ തലസ്ഥാനത്തുള്‍പ്പെടെ തടഞ്ഞും എന്തു ചെയ്യണമെന്നറിയാത്ത പോലെ പെരുമാറുന്നത് കാണിക്കുന്നത് സര്‍ക്കാരിന്റെ ആശയക്കുഴപ്പം തന്നെയാണ്.
പക്ഷേ ഇതൊക്കെ പറയുമ്പോഴും മോദി – ഷാ കൂട്ടുകെട്ടിന്റെയോ ബിജെപിയുടെയോ സംഘപരിവാറിന്റെയോ കണക്കു കൂട്ടലുകള്‍ തെറ്റി എന്നു പറയാനാവുമോ. ഒരു അഭയാര്‍ത്ഥിയെയും ഇവിടെ കടന്നുവരാനനുവദിക്കരുത് എന്നു പറയുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തീര്‍ച്ചയായും ബിജെപിയെ അലട്ടിയിട്ടുണ്ട്. അതു കൊണ്ടാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയുണ്ടാവുമെന്നും മണിപ്പൂരിന് പ്രത്യേക പരിഗണനയുണ്ടാവുമെന്നുമൊക്കെ അമിത് ഷാ ഇടയ്ക്കിടെ പറയുന്നത്. അത് പക്ഷേ മുസ്ലീങ്ങളോടുള്ള വിവേചനത്തിനെതിരായി പ്രതിഷേധമല്ല. മുസ്ലീങ്ങളോ ഹിന്ദുക്കളോ അടക്കം ആരെയും പുറത്തു നിന്ന് അവരുടെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കരുത് എന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ പറയുന്നത്.
ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള ഇടമെന്ന നിലയിലും ഇനിയും കഴിയുന്ന മേഖലയെന്ന നിലയിലും അവിടെ ഉയര്‍ന്നു വരുന്ന പ്രതിഷേധത്തില്‍ ബിജെപിയ്ക്ക് ആശങ്കയുണ്ട്. പിന്നീടുള്ളത് കേരളവും തമിഴ്‌നാടും പോലെ ബിജെപിയ്ക്ക് ഇനിയും പിടിച്ചു കയറാന്‍ പറ്റാത്തതും കയറാന്‍ ബിജെപി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചു നോക്കുന്നതുമായ സ്ഥലങ്ങളാണ്. അതില്‍ തമിഴ്‌നാടിന്റെ കാര്യത്തില്‍ ബിജെപിയ്ക്ക് ആശങ്കയുണ്ട്. കാരണം ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളോട് സഹാനുഭൂതി കാണിക്കാത്ത പൗരത്വ നിയമ ഭേദഗതി ദ്രാവിഡന്റെ ആത്മാവിലും ആത്മാഭിമാനത്തിലുമാണ് തൊട്ടിരിക്കുന്നത്. അടുത്തത് പഞ്ചാബും ജമ്മു കശ്മീരും പോലെ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ്. വിരലിലെണ്ണിത്തീര്‍ക്കാവുന്നവ.
ഇത്രയും പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ മറ്റെവിടെയെങ്കിലും നടക്കുന്ന പ്രതിഷേധങ്ങള്‍ ബിജെപിയെ അലട്ടുന്നുണ്ടോ. ഇല്ല എന്നതാണുത്തരം. അലട്ടുന്നില്ല എന്നു മാത്രമല്ല അത് ബിജെപിയെ വല്ലാതെ സന്തോഷിപ്പിക്കുന്നുമുണ്ട്. ഇതുവരെ ബിജെപി ചെറിയ ടെസ്റ്റ് ഡോസുകളിലൂടെ പരീക്ഷിച്ച,് വിജയിക്കുമെന്ന് ഉറപ്പാക്കിയ ഒരു പദ്ധതി ഒറ്റയടിക്ക് അവര്‍ നടപ്പാക്കിയിരിക്കുന്നു. അത് മറ്റൊന്നുമല്ല, ഇന്ത്യയെന്ന ഈ മഹത്തായ മതേതര രാജ്യത്തെ ഹിന്ദുവെന്നും മുസ്ലീമെന്നും വിഭജിക്കുക എന്നതാണത്.
ഇതുവരെ പശു രാഷ്ട്രീയത്തിലൂടെയും ആള്‍ക്കൂട്ട കൊലകളിലൂടെയും ജെഎന്‍യു നടപടികളിലൂടെയും കശ്മീരിലൂടെയും അവര്‍ നടത്തിയത് ഇതിനുള്ള ടെസ്റ്റ് ഡോസുകള്‍ പരീക്ഷിക്കലായിരുന്നു. അത് വിജയകരമാണെന്നവരുറപ്പാക്കിയിട്ടുണ്ട്. അതിലൂടെ ഹിന്ദു ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിലെ ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങള്‍ക്കിടയിലും മോദിയെയും അമിത്ഷായെയും ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഉള്ളിന്റെ ഉള്ളിലവര്‍ ഊറിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാം.
മുകളില്‍ പറഞ്ഞ ചിലയിടങ്ങളിലല്ലാതെ മറ്റെല്ലാ പ്രദേശങ്ങളിലും മുസ്ലീങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ നടത്തുന്ന ഓരോ പ്രതിഷേധവും, നിങ്ങള്‍ വിളിക്കുന്ന ഓരോ മുദ്രാവാക്യവും ബിജെപിയ്ക്ക് വളമാവുമെന്നവര്‍ക്കറിയാം. മസ്ലീങ്ങള്‍ ദേശ വിരുദ്ധരാണെന്ന പ്രതീതി വരുത്തിത്തീര്‍ക്കാനും ഇപ്പോള്‍ രാജ്യത്ത് ജീവിക്കുന്ന മുസ്ലീങ്ങള്‍ക്കാര്‍ക്കും ഇതുകൊണ്ട് ഒരു കുഴപ്പവും വരില്ലെന്ന് സ്ഥാപിക്കാനും അവര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. അതിലവര്‍ വിജയിക്കുന്നുണ്ടെന്നതും കാണാതിരുന്നു കൂടാ.
യഥാര്‍ത്ഥത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് രാജ്യത്തെ മുസ്ലീങ്ങള്‍ക്കു മാത്രമല്ല, ഹിന്ദുക്കളടക്കമുള്ളവരുടെ ആത്മാഭിമാനത്തിനെതിരാണ്. ജനിച്ചു വളര്‍ന്ന സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കാന്‍ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ കാലത്തെ രേഖകള്‍ക്കായി പരക്കം പായുകയും അതുമായി ക്യൂ നില്‍ക്കുകയും ചെയ്യേണ്ടി വരുന്നതിന്റെ ഗതികേട് ഒന്നാലോചിച്ചു നോക്കൂ. പക്ഷേ അതൊക്കെ ഈ രാജ്യത്ത് ആരെയെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയുമോ. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ക്യൂവില്‍ നിന്ന് മരിച്ചതും പാവപ്പെട്ടവന്റെ നികുതി കൂട്ടിയപ്പോള്‍ കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടിക്കുറച്ചതുമൊക്കെ രാജ്യസ്‌നേഹത്തന്റെ പേരില്‍ ന്യായീകരിക്കപ്പെട്ട നാടാണിതെന്നതു മറക്കരുത്.
അതുപോലെ തന്നെ കപട രാജ്യസ്‌നേഹത്തിന്റെയും കപട ദേശീയതയുടെയും പേരില്‍ പൗരത്വ നിയമ ഭേദഗതിയെയും രജിസ്റ്ററിനെയും ന്യായീകരിക്കാന്‍ മോദി – ഷാ അച്ചുതണ്ടിനും അനുയായി വൃന്ദത്തിനുമറിയാം. അവിടെ ഈ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും എത്രമാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. മതേതര ഇന്ത്യയെ വര്‍ഗീയ ഇന്തയായി മാറ്റുന്നതില്‍ സംഘപരിവാറും മോദി – ഷാ അച്ചു തണ്ടും വിജയിച്ചിട്ടുണ്ട്. ഇനി മതേതര ഇന്ത്യയെ തിരിച്ചു പിടിക്കുകയെന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. അസാദ്ധ്യമെന്നല്ല, പക്ഷേ ദുഷ്‌കരമാണ്. പൗരത്വ നിയമത്തെ തോല്‍പ്പിക്കുകയെന്നതല്ല, മതേതര ഇന്ത്യയെ തിരിച്ചു പിടിക്കുകയെന്നതാണ് പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ദൗത്യം. അല്ലെങ്കില്‍ പൗരത്വ നിയമം പിന്‍വലിക്കേണ്ടി പോലും അത് സംഘപരിവാറിന് അത് രാഷ്ട്രീയമായ കരുത്തായി മാറും. രാജ്യ രക്ഷയ്ക്കായി നടപ്പാക്കിയ നിയമം രാജ്യദ്രോഹികള്‍ പിന്‍വലിപ്പിച്ചുവെന്നായിരിക്കും കഥ.
അതുകൊണ്ടു തന്നെ ഈ പ്രക്ഷോഭം നൂല്‍പ്പാലത്തിലൂടെയുള്ള ഒരു നടത്തം കൂടിയാണ്. ബാലന്‍സ് തെറ്റിയാല്‍ അത് അവസാനമാണ്. ഇത് മുസ്ലീമും ഹിന്ദുവും അടക്കമുള്ളവരുടെ ആത്മാഭിമാനം നിലനിര്‍ത്താനുള്ള സമരമാണെന്ന് ഇന്ത്യന്‍ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. അത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓരോ പ്രതിഷേധവും ഓരോ മുദ്രാവാക്യവും കണ്ടും കേട്ടും മോദിയും ഷായും ഉള്ളില്‍ ചിരിച്ചുകൊണ്ടേയിരിക്കും.