പത്തനംതിട്ട: ഇത്തവണയും ശബരിമലയിലേക്ക് യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനീതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് മനിതി വനിതാ കൂട്ടായ്മയുടെ തീരുമാനം.
ഇത്തവണ കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനീതി സംഘാംഗം സെല്‍വി വ്യക്തമാക്കി.
കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ മൂന്ന് യുവതികള്‍ ശബരിമല ദര്‍ശനത്തിന് താല്പര്യം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യുവതികളും ഒരുമിച്ച് ദര്‍ശനം നടത്താന്‍ സന്നദ്ധത അറിയിച്ചു. പത്തിലധികം പേര് ഉണ്ടെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് സംഘമായി തന്നെ പോകും. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു, മാധവി ഉള്‍പ്പടെയുള്ളവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്‍വി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തവണ മധുരയില്‍ നിന്ന് കേരള പോലീസ് സംരക്ഷണം നല്‍കിയിരുന്നു. ഇത്തവണയും കേരള പോലീസ് നിര്‍ദേശിക്കുന്ന യാത്രാ മാര്‍ഗം സ്വീകരിക്കും. കാര്യമായ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് മനീതി കൂട്ടായ്മയുടെ കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ബിജെപിക്ക് കാര്യമായ വോട്ട് ലഭിച്ചിട്ടില്ല. സ്ത്രീകളെ രണ്ടാം നിരക്കാരായി കാണുന്നത് ജനങ്ങള്‍ പിന്തുണച്ചില്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാല്‍ ഇത്തവണ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും സെല്‍വി പറഞ്ഞു.
കഴിഞ്ഞ തവണ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ മനീതി സംഘം പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നതെന്ന് അവര്‍ പറയുന്നു.
Discussion about this post