റസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ വ്യാപക പരിശോധന നടത്താനൊരുങ്ങി സൗദി

റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളിലെ പൊതുപ്രദേശങ്ങളിലും കോമ്പൗണ്ടുകള്‍ക്ക് പുറത്തുമുള്ള നിരീക്ഷണ ക്യാമറകളെ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ബന്ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്

റിയാദ്: റസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ വ്യാപക റെയ്ഡ് നടത്താനൊരുങ്ങി സൗദി. നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കോമ്പൗണ്ടുകളില്‍ റെയ്ഡ് നടത്താനാണ് തീരുമാനം. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നതെന്ന് അറിയിച്ചു. റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളിലെ പൊതുപ്രദേശങ്ങളിലും കോമ്പൗണ്ടുകള്‍ക്ക് പുറത്തുമുള്ള നിരീക്ഷണ ക്യാമറകളെ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ബന്ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.

പരിശോധനയില്‍ കോമ്പൗണ്ടുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നിയമ വിരുദ്ധ വ്യാപാര സ്ഥാപനങ്ങളും നിയമ വിരുദ്ധ വിനോദ സ്ഥാപനങ്ങളും അടപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിനോദ, ആഘോഷം തുടങ്ങിയ പരിപാടികള്‍ കോമ്പൗണ്ടുകള്‍ക്ക് ഉള്ളില്‍ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് പ്രത്യേകം ലൈസന്‍സ് നേടണമെന്ന് അധികാരികള്‍ അറിയിച്ചു. റെയ്ഡുകള്‍ക്കിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version