ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചത്.
ഈ സാഹചര്യത്തില്‍ നവംബര്‍ അഞ്ച് വരെ ഇപിസിഎ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാലം കഴിയുന്നത് വരെ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇപിസിഎ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ ഡല്‍ഹിയിലെ അന്തരീക്ഷ വായു നിലവാരം അതീവ മോശമെന്നാണ് രേഖപ്പെടുത്തിയത്. വായു നിലവാര സൂചിക ക്യൂബിക് 426 ആയി. ഈ സാഹചര്യത്തിലാണ് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചത്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം.
സ്ഥിതിഗതികള്‍ മോശമാണെന്നും ഡല്‍ഹി ഗ്യാസ് ചേമ്പറായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറയുന്നു. മൂടല്‍മഞ്ഞ് കാരണം തലസ്ഥാന നിവാസികള്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച വരെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ മാസ്‌ക്കുകള്‍ വിതരണം ചെയ്തു തുടങ്ങി. ഇന്ന് മുതല്‍ 50 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്യുമെന്ന കെജ്രിവാള്‍ അറിയിച്ചു.