എസ്സെക്‌സ്: ബ്രിട്ടനിലെ എസക്‌സില്‍ പിടികൂടിയ കണ്ടെയ്‌നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ക്കൊപ്പം വിയറ്റനാം സ്വദേശിയായ 26 കാരിയും ഉണ്ടായിരുന്നു. ഫാം തി ത്രാ മെ എന്ന പെണ്‍കുട്ടി ഫോണിലൂടെ അമ്മയ്ക്ക് അയച്ച അവസാന സന്ദേശങ്ങള്‍ ഏവരേയും കണ്ണീരിലാഴ്ത്തുന്ന ഒന്നാണ്.
‘പോകരുതെന്ന് അവളെ വിലക്കിയിരുന്നു എന്നാല്‍ കുടബത്തിന്റെ ഭാരിച്ച കടം വീട്ടാനാണവള്‍ പോയതെന്ന്’ ശ്വാസം മുട്ടി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം. ‘അനധികൃതമായുള്ള ആ യാത്രയില്‍ അവള്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്നത് 27,29,512 രൂപയാണ്(30000 പൗണ്ട്).’ ആ യാത്ര വേണ്ടെന്ന് ബന്ധുക്കളും പിതാവ് ഫാം വാന്‍ തിന്‍ അവളെ വിലക്കിയതായിരുന്നു.
‘എന്നാല്‍ താന്‍ ഇപ്പോള്‍ പോയില്ലെങ്കില്‍ ഭാരിച്ച കടക്കെണിയില്‍പ്പെട്ട് കുടുംബം കഷ്ടപ്പെടും’ എന്നായിരുന്നു അവളുടെ മറുപടി. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അവള്‍ ആ കഷ്ടത നിറഞ്ഞ വഴി സ്വീകരിക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ‘മരണത്തിലേക്കാണ് തന്റെ മകള്‍ പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ ഒരിക്കലും അവളെ അയക്കില്ലായിരുന്നെന്ന്’ വാന്‍ തിന്‍ പറഞ്ഞു.
‘എന്നോട് ക്ഷമിക്കണം അമ്മ…. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ഒട്ടും ശ്വാസമെടുക്കാന്‍ പറ്റുന്നില്ലമ്മ…. ഞാന്‍ ഇപ്പോ മരിച്ച് പോകും സത്യം…’ എന്നായിരുന്നു 26 കാരി അമ്മയ്ക്കും ഈ ലോകത്തിനും അവസാനമായി അയച്ച സന്ദേശം. പിന്നീട് അവര്‍ക്ക് അവളുടെ ശബ്ദം കേള്‍ക്കാനോ സന്ദേശം കൈപ്പറ്റാനോ ആയിട്ടില്ല. മരിച്ച എട്ട് സ്ത്രീകളിലൊന്ന് ഫാം തി തന്നെയാണെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. എട്ട് സ്ത്രീകളും 31 പുരുഷന്മാരുമാണ് ട്രക്കില് ഉണ്ടായിരുന്നത്. സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ 25-കാരനെ അറസ്റ്റ് ചെയ്തു.