ഗുരുവായൂർ: വ്യാജ ഐപിഎസ് ഓഫീസറായി ചമഞ്ഞ് മകനും സര്ക്കാര് ജോലിക്കാരിയായി ചമഞ്ഞ് അമ്മയും ചേർന്ന് ബാങ്കുകളെ കബളിപ്പിച്ച് സ്വന്തമാക്കിയത് 28 കാറുകളും ഒരു ബുള്ളറ്റും. ഒപ്പം ബാങ്ക് മാനേജരെ പറ്റിച്ച് 95 പവനും 25 ലക്ഷം രൂപയും പലപ്പോഴായി കൈക്കലാക്കി. സംഭവത്തിൽ തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ ശ്യാമളയെ (58) കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെയാണ് പോലീസ് ഡിപ്പാർട്ട്മെന്റിനെ പോലും കബളിപ്പിച്ച അമ്മയേയും മകനേയും കുറിച്ച് പുറംലോകമറിഞ്ഞത്.ശ്യാമളയുടെ മകൻ വിപിൻ കാർത്തിക് (29) കശ്മീരിലെ കുപ്വാര ജില്ലയിലെ ഐപിഎസുകാരനാണെന്നാണു പരിചയപ്പെടുത്തിയിരുന്നത്. യൂണിഫോം ധരിച്ചായിരുന്നു പലപ്പോഴും നടന്നിരുന്നത് പോലും.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖ മാനേജർ സുധാദേവിയുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാന വ്യാപക തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് മാത്രം രണ്ടു പേരും രണ്ടു കാറുകൾക്കായി 30 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. പുറമെ ബാങ്ക് മാനേജർ കൊല്ലം സ്വദേശിയായ സുധാദേവിയിൽ നിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തു.
ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണെന്ന് അമ്മയും കള്ളം പറഞ്ഞാണ് തട്ടിപ്പുകളെല്ലാം നടത്തിയത്. വ്യാജ ഐപിഎസ് ഉപയോഗപ്പെടുത്തി പോലീസുകാർക്കിടയിലും സൗഹൃദം സ്ഥാപിച്ചിരുന്നു ഇയാൾ. ഒടുവിൽ ശുപാർശകളുമായി ഉയർന്ന ഉദ്യോഗസ്ഥരെ വിളിക്കാൻ ആരംഭിച്ചോടെയാണ് പോലീസിനും സംശയം തുടങ്ങിയത്. അമ്മയും മകനും വാക്ചാതുര്യം കൊണ്ട് ആരേയും വീഴ്ത്താൻ മിടുക്കരായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്രനാളും കള്ളംപൊളിയാതിരുന്നത്.
അതേസമയം, കള്ളത്തരമാണെന്ന് സൂചന ലഭിച്ച പോലീസ് വീടു വളഞ്ഞതോടെ മകൻ ഓടിക്കളഞ്ഞെങ്കിലും അമ്മ അറസ്റ്റിലായി. ശ്യാമളയെ കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. വിപിൻ കാർത്തികും ശ്യാമളയും വിവിധ ഇടങ്ങളിൽ നിന്നായി വായ്പയെടുത്ത് 28 കാറുകൾ വാങ്ങുകയും 27ഉം മറിച്ചുവിൽക്കുകയുമായിരുന്നു. രണ്ടുവർഷത്തിനിടെ ഗുരുവായൂരിൽ നിന്ന് വായ്പയെടുത്ത് 12 കാറുകൾ വാങ്ങി 11 എണ്ണവും മറിച്ചുവിറ്റു.
ശമ്പള സർട്ടിഫിക്കറ്റും സാലറി അക്കൗണ്ടിലെ ലക്ഷക്കണക്കിനു രൂപയുടെ ബാലൻസ് ഷീറ്റും കാണിച്ചാണു വായ്പ സംഘടിപ്പിച്ചത്. ഒപ്പം യൂണിഫോമിലുള്ള ഫോട്ടോയും നൽകും. കൃത്യമായി തിരിച്ചടച്ചിരുന്നതിനാൽ ബാങ്കുകൾക്കും സംശയമുണ്ടായില്ല.
ഇതു കൂടാതെ നാദാപുരം, തലശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളിൽ നിന്ന് 16 കാറുകൾ വായ്പയെടുത്ത് വാങ്ങി വിറ്റതിന്റെ വിശദാംശങ്ങൾ വിപിൻ കാർത്തിക്കിന്റെ ഡയറിയിൽ നിന്നു പോലീസിനു ലഭിച്ചു. ഒരു കാറും ബുള്ളറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്ളാറ്റിലെ വിലാസത്തിലുള്ള ആധാർ നൽകി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയശേഷം വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഐപിഎസ് ഓഫിസറുടെ യൂണിഫോമിലുള്ള ഫോട്ടോയും വൻ തുക ബാലൻസുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നൽകി വായ്പയെടുക്കുകയായിരുന്നു ഇവരുടെ രീതി.
ഇതിനിടെ, കാറിനു വായ്പയെടുക്കാനെത്തിയാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ വനിതാ മാനേജരെ പരിചയപ്പെട്ടത്. കൃത്യമായ ഇടപാടുകൾ മൂലം ബന്ധം വളർന്നപ്പോൾ ശ്യാമള മകൻ വിപിനെ കാൻസർ രോഗിയായി അവതരിപ്പിച്ചു. ചെലവേറിയ ചികിത്സയാണെന്നു പറഞ്ഞു സഹതാപം നേടി പലപ്പോഴായാണ് 97 പവനും 25 ലക്ഷവും കൈക്കലാക്കിയത്.