ധാക്ക: ബംഗ്ലാദേശില്‍ 19കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനാധ്യാപകനടക്കം 16 പേര്‍ക്ക് വധശിക്ഷ. പ്രധാന അധ്യാപകന് ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍, അവാമി ലീഗിന്റെ രണ്ട് നേതാക്കള്‍, 19കാരിയുടെ സഹപാഠികള്‍ എന്നിവരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ മാര്‍ച്ച് 27നാണ് സംഭവം. ധാക്കയില്‍ നിന്നും 160 കിലോമീറ്ററോളം അകലെ ഫെനി ഗ്രാമത്തിലെ മതപഠനശാലയിലാണ് 19 കാരിയായ നുസ്രത്ത് ജഹാന് റാഫിയ പഠിച്ചിരുന്നത്.
ഇവിടത്തെ പ്രധാനാധ്യാപകനായ മൗലാന സിറാജുദൗള നുസ്രത്തിനെ ഓഫീസ് മുറിയില്‍ വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ നുസ്രത്ത് മാതാപിതാക്കളെയും കൂട്ടി അധ്യാപകനെതിരെ പോലീസില്‍ പരാതി നല്കി. അതേസമയം പെണ്‍കുട്ടിയുടെ പരാതി ആദ്യം പോലീസ് ഗൗരവമായി എടുത്തിരുന്നില്ല. തുടര്‍ന്ന് നുസ്രത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉരര്ന്നിരുന്നു.
തുടര്‍ന്ന് പ്രധാനാധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ഏപ്രില്‍ ആറിന് നുസ്രത്ത് പരിക്ഷയെഴുതാന്‍ എത്തി. തുടര്‍ന്ന് നുസ്രത്തിനെ മുതിര്‍ന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ ചേര്‍ന്ന് സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചു. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന് പറഞ്ഞതോടെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് നുസ്രത്ത് സഹോദരന് മരണമൊഴി നല്കി.
‘അധ്യാപകന് എന്നെ സ്പര്‍ശിച്ചു, എന്റെ അവസാന ശ്വാസം വരെ ഞാന്‍ ഈ കുറ്റകൃതൃത്തിനെതിരെ പോരാടും’ – നുസ്രത്ത് പറഞ്ഞു. അത് സഹോദരന് ഫോണില്‍ പകര്‍ത്തി. നുസ്രത്തിന്റെ പരാതിയെ തുടര്‍ന്ന് പ്രധാന അധ്യാപകന് അറസ്റ്റിലായെങ്കിലും 19കാരിയെ കൊലപ്പെടുത്താന്‍ ഇയാള്‍ ജയിലില്‍ നിന്ന് ആളുകളെ നിയോഗിച്ചിരുന്നു. നുസ്രത്തിന്റെ മരണം ആത്മഹത്യയാക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തെതുടര്‍ന്ന് ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 80 ശതമാനം പൊള്ളലേറ്റ നുസ്രത്ത് നാലാം ദിവസം ഏപ്രില്‍ 10 ന് മരിച്ചു.