മസ്‌കറ്റ്: ഒമാനില്‍ വിപണി കീഴടക്കാന്‍ കാശ്മീര്‍ ആപ്പിള്‍. നവംബര്‍ മുതലാണ് ഒമാന്‍ വിപണിയില്‍ കാശ്മീര്‍ ആപ്പിള്‍ എത്തുന്നത്. കാശ്മീറില്‍ നിന്ന് ഒമാനിലേക്ക് പഴവര്‍ഗങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ് തെയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒമാന്‍ വിപണിയില്‍ ആപ്പിള്‍ എത്തുന്നത്.
കാശ്മീരില്‍ നിലനിന്നിരുന്ന പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370, 35 എ തുടങ്ങിയവ റദ്ദാക്കിയതോടെ വാണിജ്യരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ കാശ്മീറിന്റെ വ്യാപാര വ്യവസായ മേഖലയില്‍ വന്‍ വളര്‍ച്ചക്ക് കാരണമാകുമെന്നാണ് ലുലു ഗ്രൂപ്പിന്റെ നിഗമനം. ഇതോടെ ഇന്ത്യയില്‍ വിദേശനാണ്യങ്ങള്‍ വര്‍ധിക്കുമെന്നും അധികാര വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എംഎയും നടത്തിയ കൂടിക്കാഴ്ചയിലാണ് കാശ്മീരി കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും ശ്രീനഗറില്‍ തടസ്സമില്ലാതെ വിതരണത്തിനായി ഒരു ലോജിസ്റ്റിക് ഹബ് സ്ഥാപിക്കുന്നതിനും താല്‍പര്യം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പ്രകടിപ്പിച്ചത്. ഈ താല്‍പര്യം മോഡി സ്വഗതം ചെയ്തിരുന്നു.
ഇതോടെയാണ് ഒമാന്‍ വിപണിയില്‍ കാശ്മീറില്‍ നിന്ന് ആപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ കാശ്മീറില്‍ നിന്ന് 200 ടണ്‍ ആപ്പിള്‍ ഒമാനിലേക്ക് കയറ്റി അയച്ചതായി ലുലു മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. വരും നാളുകളില്‍ അധികം ഫലങ്ങള്‍ കയറ്റി അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കാശ്മീരില്‍ 3.87 ലക്ഷം ഹെക്ടറില്‍ ഓരോ വര്‍ഷവും 19 ലക്ഷം മെട്രിക് ടണ്‍ ആപ്പിള്‍ കൃഷി ചെയ്യുന്നുണ്ട്.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ആപ്പിളിന്റെ 80 ശതമാനവും കൃഷി ചെയ്യുന്നത് കാശ്മീറിലാണ്. ആപ്പിളിന് പുറമേ കാശ്മീരില്‍ നിന്ന് അരി, വാല്‍നട്ട്, പയര്‍വര്‍ഗ്ഗങ്ങള്‍, കുങ്കുമം മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനും ലുലു ഗ്രൂപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തില്‍ ആപ്പിള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യക്ക് അഞ്ചാമത്തെ സ്ഥാനമാണുള്ളത്.