തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കള്‍, ശബരിമലയില്‍ എത്തിയാല്‍ കരുതല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനം. കഴിഞ്ഞ തവണ നട തുറന്ന തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടപൂജയ്ക്കും സന്നിധാനത്ത് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന് പിടിച്ച നേതാക്കളെയാകും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുക.
ഇന്നലെ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രനും വിഎച്ച്പി നേതാവ് കെപി ശശികലയുള്‍പ്പെടെയുള്ള ആളുകളെ പോലീസ് കരുതല്‍ തടങ്കലിലാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും പോലീസ് വ്യക്തമാക്കി.
ചിത്തിര ആട്ടപൂജയ്ക്കായി നടതുറന്നപ്പോള്‍ കെപി ശശികല സ്ത്രീകളെ തടഞ്ഞ് നിര്‍ത്തി പ്രായം പരിശോധിക്കുന്ന നടപടികളുമായി മുന്നോട്ട് പോയിരുന്നു. കെ സുരേന്ദ്രന്‍ സന്നിധാനത്ത് തങ്ങി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇതിന്റെയെല്ലാം സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശം ഉണ്ട്. ഇവര്‍ വീണ്ടും സന്നിധാനത്തേക്ക് പ്രവേശിക്കുന്നത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നും , ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ കരുതലിന്റെ ഭാഗമായി ഇവരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ശബരിമലയിലെത്തുന്ന ഭക്തരെയോ നേതാക്കന്‍മാരെയോ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയെന്നത് പോലീസ് നടപടിയുടെ ഭാഗമല്ലെന്നും പോലീസ് പറയുന്നു.
ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുള്ള നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില് പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചു. നിലവില്‍ സന്നിധാനവും പമ്പയുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.