തിരുവനന്തപുരം: ട്രെയിനില്‍ യുവ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ കൈയ്യേറ്റ ശ്രമം. കഴിഞ്ഞ ദിവസം ഖൊരാഗ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന രപ്തിസാഗര്‍ എക്സ്പ്രസിലാണ് സംഭവം. ഇരിങ്ങാലക്കുടയില്‍ നിന്നും തിരുവനന്തപുരത്തെ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന മാധ്യമ പ്രവര്‍ത്തകയെ ആണ് റെയില്‍വേ പാന്‍ട്രി ജീവനക്കാരന് അപമാനിക്കാന്‍ ശ്രമിച്ചത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് പാന്‍ട്രി ജീവനക്കാരനായ ശിവ് ദയാല്‍ എന്ന ബിഹാര്‍ സ്വദേശിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും ഭാവിയില്‍ ഇയാളെ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ജോലിയിലും പരിഗണിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകയുടെ പരാതി ഇങ്ങനെ, ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ യുവതി പാന്‍ട്രി ജീവനക്കാരനില്‍ നിന്നും ചായ വാങ്ങിയിരുന്നു. ഇതിന് ശേഷം ഇയാള്‍ നിരന്തരം യുവതിയുടെ സീറ്റിന് അടുത്തുവരികയും അവിടെ തന്നെ നില്‍ക്കുകയും ശല്യപ്പെടുത്താനും തുടങ്ങി. തിരുവനന്തപുരം എത്തും വരെ ഇത്തരത്തില്‍ ഇയാള്‍ പെരുമാറി. തുടര്‍ന്ന് രാത്രി 11 മണിയോടെ ട്രെയിന്‍ തിരുവനന്തപുരം എത്തുന്നതിന് മുമ്പ് വാതിലിനടുത്തേക്ക് ബാഗുമായി നീങ്ങിയ മാധ്യമപ്രവര്‍ത്തകയെ ഇയാള്‍ പിന്തുടര്ന്ന് കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആ സമയത്ത് കംപാര്‍ട്ട്മെന്റില്‍ അധികം ആളുകളും ഇല്ലായിരുന്നു. എന്നാല്‍ യുവതി ഉച്ചത്തില്‍ ബഹളം വച്ചതോടെ ചിലര്‍ സഹായത്തിനായി എത്തി. ഇതോടെ ഇയാള്‍ പിന്മാറുകയും, ദേഹത്ത് അറിയാതെ സ്പര്‍ശിക്കാന്‍ വന്നതാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി സെല്ലില്‍ മാധ്യമപ്രവര്‍ത്തക പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പാന്‍ട്രി ജീവനക്കാരനെതിരെ റെയില്‍വേ നടപടി എടുത്തത്.
Discussion about this post