തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞത് മുതലാണ് കേരളം സാവകാശ ഹര്‍ജിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ എന്താണ് സാവകാശ ഹര്‍ജി. എന്തൊക്കെയാണ് അതിന്റെ സാധ്യതകള്‍ ?
എന്താണ് ഈ ‘സാവകാശ ഹര്‍ജി’?
സാവകാശ ഹര്‍ജി! നിയമപരമായി സാവകാശ ഹര്‍ജി എന്നൊന്നില്ല. ഏതെങ്കിലും കോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടി നല്‍കുന്ന അപേക്ഷയാണിത്. കോടതി ഭാഷയില്‍ പറഞ്ഞാല്‍ മിസലേനിയസ് ആപ്ലിക്കേഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.
കോടതിയില്‍ എങ്ങനെയാണ് ഈ അപേക്ഷ ഫയല്‍ ചെയ്യുക? എന്തൊക്കെയാണ് വാദങ്ങള്‍?
1. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് വഴിയൊരുക്കിയ ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്റെ 2006ലെ ഹര്‍ജിയിലാണ് ഈ അപേക്ഷ ഫയല്‍ ചെയ്യുക.
2. പ്രളയത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആയിട്ടില്ല. അതുകൊണ്ട് വിധി നടപ്പാക്കാന്‍ സാവകാശം നല്‍കണം എന്ന് ആവശ്യപ്പെടും
3. ഒപ്പം ശബരിമല മാസ്റ്റര്‍പ്ലാന്‍ കേസിലെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും നിര്‍മാണങ്ങള്‍ വിലക്കണമെന്ന് ശുപാര്‍ശ നല്‍കിയതും ചൂണ്ടിക്കാട്ടാന്‍ സാധ്യതയുണ്ട്.
4. ക്രമ സമാധാന പ്രശ്‌നം ഉന്നയിക്കില്ല. പകരം ശബരിമലയിലെ സംഘര്‍ഷ സാധ്യതയെക്കുറിച്ചുള്ള ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അപേക്ഷ കോടതി എപ്പോള്‍ പരിഗണിക്കും?
1. അപേക്ഷ ഫയല്‍ ചെയ്ത് ബുധനാഴ്ചയ്ക്ക് മുന്‍പ് ഇത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് (മെന്‍ഷനിങ്) സാധ്യത.
2. ഇനി മെന്‍ഷന്‍ ചെയ്തില്ലെങ്കില്‍ കേസ് സാധാരണ നടപടി ക്രമങ്ങള്‍ പാലിച്ചു കോടതി രാജിസ്ട്രി ലിസ്റ്റ് ചെയ്യും. അതില്‍ കാലതാമസം ഉണ്ടാകും. വിധി വന്ന് ഒന്നരമാസം കഴിഞ്ഞതിന് ശേഷമാണോ സമീപിക്കുന്നത് എന്നു കോടതി ചോദിച്ചാല്‍ പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനം കാത്തിരുന്നതാണെന്ന വിശദീകരണം നല്‍കാനാണ് ആലോചന.
അപേക്ഷയില്‍ എന്തൊക്കെയാണ് സാധ്യതകള്‍ ?
1. അപേക്ഷ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സമ്മതിച്ചാല്‍ യുവതീ പ്രവേശന വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിന് മുന്‍പാകെ ഇത് ലിസ്റ്റ് ചെയ്യും.
2. അപേക്ഷ പരിഗണിക്കാന്‍ തുടക്കത്തില്‍ തന്നെ ചീഫ് ജസ്റ്റിസ് വിസമ്മതിക്കാം.
3. അപേക്ഷ ജനുവരിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കാന്‍ മാറ്റി വയ്ക്കുക.
ഹര്‍ജി നല്‍കുന്നതിലൂടെ ദേവസ്വം ബോര്‍ഡിന്റെ (സര്‍ക്കാരിന്റെയും) കണക്കുകൂട്ടല്‍ എന്തൊക്കെ?
അപേക്ഷ തള്ളാത്ത പക്ഷം വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്ന കാരണം വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ സാങ്കേതികമായി പറയാം. തള്ളിയാല്‍ കോടതി അവസാന ആവശ്യവും അംഗീകരിച്ചില്ലെന്ന് കാട്ടി വിധി നടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.
#കടപ്പാട് എം.ഉണ്ണികൃഷ്ണന്‍
Discussion about this post