ശ്രീനഗര്‍: പണമില്ലാത്തതിനാല്‍ ആംബുലന്‍സ് ലഭിക്കാതെ രണ്ട് വയസുകാരന്റെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് 12 മണിക്കൂറുകളോളമാണ് പിതാവ് യാത്രചെയ്തത്. രാജ്യത്തിന്റെ തന്നെ നെഞ്ചു തുളയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. കാശ്മീരിലെ സാധാരണ തൊഴിലാളിയായ മുഹമ്മദ് സുല്‍ത്താന്‍ തന്റെ മകനെ ചുമന്ന് പോകുന്നതാണ് കണ്ണീര് കാഴ്ചയാകുന്നത്. 30 കൊല്ലത്തെ ജീവിതത്തിനിടയില്‍ ചുമക്കാത്ത ഭാരമാണ് ഇപ്പോള്‍ ചുമലില്‍ ഏറ്റിയിരിക്കുന്നതെന്ന് സുല്‍ത്താന്‍ നിറകണ്ണുകളോടെ പറയുന്നു.
ഒരുപാട് പേരുടെ കണ്ണുകളില്‍ നിന്നൊളിപ്പിച്ച് പഴയൊരു കമ്പിളിപ്പുതപ്പിനുള്ളില്‍ ഭദ്രമായി പൊതിഞ്ഞാണ് സുല്‍ത്താന്‍ തന്റെ മകനെ കൊണ്ടുവന്നത്. ആ രാത്രിയിലെ 12 മണിക്കൂര്‍ നീണ്ട യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല സുല്‍ത്താന്‍. 230 കിലോമീറ്റര്‍ ദൂരം ബസില്‍ മരവിച്ച കുഞ്ഞുശരീരവുമായി യാത്രചെയ്യേണ്ട ഗതികേട് ഒരച്ഛനും വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ് നിര്‍ഭാഗ്യവാനായ അയാള്‍. മൃതശരീരമാണെന്നറിഞ്ഞാല്‍ ബസിലും യാത്ര നിഷേധിച്ചാലോ എന്ന ഭയത്താല്‍ ആണ് പുതപ്പില്‍ പൊതിഞ്ഞ് എടുത്തതെന്ന് സുല്‍ത്താന്‍ പറയുന്നു. തന്റെ നിസഹായതയെ പഴിക്കാനുള്ള മനസ്സാന്നിധ്യം പോലും നഷ്ടമായ അവസ്ഥയിലാണ് വീട്ടിലേക്ക് സുല്‍ത്താന്‍ മടങ്ങിയെത്തിയത്.
രണ്ടു വയസുകാരന് മനാന് ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കിഷ്ത്വാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചില മരുന്നുകള്‍ നല്‍കിയെങ്കിലും ജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മുവിലേക്ക് പോകാന്‍ ആംബുലന്‍സ് വിട്ടുകിട്ടാനായി കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അംഗ്രേസ് സിങ് റാണയെ സമീപിച്ചെങ്കിലും അയാളത് അവഗണിച്ചുവെന്ന് സുല്‍ത്താനും ബന്ധുവായ മുസാഫര്‍ ഹുസൈനും പറഞ്ഞു. തുടര്‍ന്ന് അബാബീല്‍ എന്ന സന്നദ്ധസംഘടനയുടെ സഹായം തേടിയെങ്കിലും ആംബുലന്‍സിന് പണം നല്‍കാനില്ലാത്തതു കൊണ്ട് അതും നടന്നില്ല.
സംഘടനയുടെ പ്രവര്‍ത്തകര്‍ പണം സമാഹരിച്ച് എത്തിയപ്പോള്‍ വൈകിപ്പോയിരുന്നു. ആംബുലന്‍സ് തരപ്പെടുത്തി ജമ്മുവില്‍ എത്തിയപ്പോഴേക്കും വിധി മനാന്റെ ജീവന് എടുത്തിരുന്നു. ശേഷം മൃതദേഹം കിഷ്ത്വാറിലേക്ക് എത്തിക്കാനുള്ള പരിശ്രത്തിലായിരുന്നു. പലരോടും അപേക്ഷിച്ചു. ആരും ചെവിക്കൊണ്ടില്ല. മകന്റെ മരവിച്ച ശരീരവുമായി ആറു മണിക്കൂര്‍ ജമ്മു ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്നു. ഒടുവിലാണ് മൃതശരീരം ആരും കാണാതെ പൊതിഞ്ഞ് ബസില്‍ പോകാന്‍ തീരുമാനിച്ചതെന്ന സുല്‍ത്താന്‍ പറയുന്നു.
റാണയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അല്പം കരുണയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മനാന് ജീവിതത്തിലേക്ക് മടങ്ങി വരുമായിരുന്നുവെന്ന് സുല്‍ത്താന്‍ അതീവദുഃഖിതനായി അറിയിച്ചു. ജമ്മുവിലെ ആശുപത്രിയില്‍ മനാനെ എത്തിച്ച ആംബുലന്‍സ് സൗകര്യമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ബസില്‍ ഒളിപ്പിച്ച് മനാന്റെ ശരീരം നാട്ടിലെത്തിക്കേണ്ടി വരില്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്കി. വെള്ളിയാഴ്ച രാത്രിയോടെ മനാന്റെ ശരീരം മറവു ചെയ്തു.
Discussion about this post