കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താതെ തല്ക്കാലം താന്‍ തിരിച്ചു പോകുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധക്കാരെ ഭയന്നല്ല താന്‍ തിരികെ പോകാന്‍ തിരുമാനിച്ചത്. ക്രമസമാധാന പ്രശ്നം ഉണ്ടെന്ന് പോലീസ് അറിയിച്ചതിനാലാണ് താന്‍ മടങ്ങി പോകുന്നതെന്നും തൃപ്തി ദേശായി അറിയിച്ചു.
ശബരിമല ദര്‍ശനം നടത്തിയ ശേഷം മാത്രമേ തിരികെ മടങ്ങു എന്ന് പറഞ്ഞിരുന്നങ്കിലും തല്ക്കാലം തങ്ങള്‍ മടങ്ങുകയാണ്. പ്രതിഷേധക്കാരെ പേടിച്ചിട്ടല്ല തിരികെ പോകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഉണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. തങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ നില അതീവ ഗുരുതരം ആകുമെന്നും പോലീസ് അറിയിച്ചിരുന്നു. അത് കൊണ്ട് മാത്രമാണ് തിരിച്ചു പോകുന്നത്. തങ്ങള്‍ വീണ്ടും വരുമെന്നും തൃപ്തി പറഞ്ഞു. അടുത്ത വരവ് മുന്‍കൂട്ടി പറയാതെയാകുമെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു.
കൂടാതെ വിമാനത്താവളത്തിന് പുറത്ത് ഇരിക്കുന്ന പ്രതിഷേധക്കാരെ തൃപ്തി ദേശായി കുറ്റപ്പെടുത്തി. അയ്യപ്പ വിശ്വാസികള്‍ എന്ന് പറയുന്ന പ്രതിഷേധക്കാര്‍ എന്ത് ഭക്തന്മാരാണ്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പുറത്ത് നിന്ന പ്രതിഷേധക്കാര്‍ തങ്ങള്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തി. തങ്ങളെ അക്രമിക്കാന്‍ ശ്രമിച്ചു. ഗുണ്ട പ്രവര്‍ത്തനം നടത്തുന്ന ഇവരാണോ അയ്യപ്പന്റെ ഭക്തരെന്ന് തൃപ്തി ദേശായി ചോദിച്ചു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ 4.45 നോട് കൂടിയാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധം കൊണ്ട് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
Discussion about this post