മുളക്കുളം: മുളക്കുളത്ത് നാട്ടുകാര്‍ പിടിച്ചുകെട്ടിയ വിരണ്ടോടിയ പോത്തിനെ കാണാനില്ലെന്ന് ഉടമയുടെ പരാതി. പോത്തിനെ പിടിച്ചുകെട്ടിയതിന് പിന്നാലെ നാട്ടുകാരില്‍ ചിലര്‍ തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി വീതം വച്ചുവെന്ന് പോലീസ് കണ്ടെത്തി. മുളക്കുളം പഞ്ചായത്തിലെ അവര്‍മയിലാണ് സംഭവം. അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടു വരും വഴിയാണ് പോത്ത് വിരണ്ട് ഓടിയത്.
തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ വൈകീട്ട് നാട്ടുകാര്‍ ചേര്‍ന്ന് പോത്തിനെ പിടിച്ചു കെട്ടി. എന്നാല്‍ അടുത്ത ദിവസം നാട്ടുകാര്‍ പിടിച്ചു കെട്ടിയ പോത്തിനെ ഉടമ അഴിക്കാന്‍ എത്തിയപ്പോള്‍ പോത്തിന്റെ കയറു പോലും കാണാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഉടമ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. സംഭവം പോലീസ് കേസാക്കിയതോടെ പലരും തടിയൂരാന്‍ ശ്രമിക്കുകയാണ്.
തുടര്‍ന്ന് പോലീസ് കാശാപ്പു ചെയ്തവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. അതേസമയം കയര്‍ കുടുങ്ങി ചത്ത പോത്തിനെയാണ് തങ്ങള്‍ കാശാപ്പു ചെയ്തതെന്നാണ് നാട്ടുകാരുടെ വാദം. തുടര്‍ന്ന് പോത്തിന്റെ വില നല്‍കി കേസില്‍ നിന്ന് ഊരാന്‍ കശാപ്പ് നടത്തിയവര്‍ ശ്രമം നടത്തുകയാണ്.