ന്യൂഡൽഹി: മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും സാമ്പത്തിക ഉത്തേജന പാക്കേജ് അവതരിപ്പിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാൻ നടപടികൾ ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. സെപ്റ്റംബർ 19ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. വാണിജ്യ ഉത്പാദനത്തിൽ ഉണർവിന്റെ സൂചനകളുണ്ട്. നികുതി നൽകുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ സുത്യാരമാക്കും. ഓൺലൈൻ സംവിധാനം ലളിതമാക്കും.
ചെറിയ നികുതി പിശകുകൾക്കു ശിക്ഷാനടപടികൾ ഒഴിവാക്കും. കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും. 2020 മാർച്ചിൽ ദുബായ് മാതൃകയിൽ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. നാല് ഇടങ്ങളിലായിരിക്കും ഫെസ്റ്റിവൽ നടക്കുക. കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ജനങ്ങൾക്ക് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ കൂടുതൽ പ്രഖ്യാപനങ്ങൾ ഇങ്ങനെ:
*എഇഐഎസിന് പകരം പുതിയ പദ്ധതി. റെമിഷൻ ഓഫ് ഡ്യൂട്ടീസ് ഓർ ടാക്സസ് ഓൺ എക്സ്പോർട്ട്(ആർഒഡിടിഇപി) നിലവിലെ എം.ഇ.ഐ.എസും പഴയ ആർഒഎസ്എൽ പദ്ധതിയും ഡിസംബർ 31 വരെ മാത്രം.
*എംഇഐഎസിൽ രണ്ടുശതമാനത്തിന് മുകളിലുള്ള ആനുകൂല്യം ലഭിക്കുന്ന ടെക്സ്‌റ്റൈൽ മേഖല ഉൾപ്പെടെയുള്ള എല്ലാവരും 2020 ജനുവരി മുതൽ പുതിയ പദ്ധതിയിലേക്ക് മാറണം. ഇതിലൂടെ 50000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
*ഇലക്ട്രോണിക്ക് റീഫണ്ട്- ജിഎസ്ടി ഇൻപുട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്ട്രോണിക്ക് മാർഗത്തിലൂടെ. ഐടിസി റീഫണ്ട് വേഗത്തിലാക്കാനും നിരീക്ഷിക്കാനും സഹായകമാകും.
*നികുതിദായകരുടെ ചെറിയ പിഴവുകൾക്ക് ശിക്ഷാനടപടികൾ ഒഴിവാക്കും.
*കൈത്തറി മേഖലയുടെ കയറ്റുമതി വർധിപ്പിക്കാൻ ഇ-കൊമേഴ്സിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും.
*റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച കൂടുതൽ വായ്പകൾ ബാങ്കുകൾ അവതരിപ്പിക്കും.
*എൻബിഎഫ്‌സി/എച്ച്എഫ്‌സി സ്ഥാപനങ്ങൾക്ക് കൂടുതൽ പിന്തുണ.
*വീടുകളും വാഹനങ്ങളും വാങ്ങാൻ കൂടുതൽ വായ്പാസഹായം.
*പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവർക്കും വീടുകളെന്ന ലക്ഷ്യം.
*2022-നുള്ളിൽ അർഹരായവർക്ക് 1.95 കോടി വീടുകൾ.
*എക്സ്പോർട്ട് ക്രെഡിറ്റ് ഇൻഷുറൻസ് സ്‌കീം വികസിപ്പിക്കും. ഇസിജിസിയുടെ ഇൻഷൂറൻസ് പരിരക്ഷ ഉയർത്തും.
*പുതുക്കിയ പിഎസ്എൽ എക്സ്പോർട്ട് ക്രെഡിറ്റ്
*എക്സപോർട്ട് ഫിനാൻസിങ്ങിൽ കാര്യക്ഷമമായ നിരീക്ഷണം.
*എക്സ്പോർട്ട് ഫിനാൻസ് സംബന്ധിച്ച വിവരങ്ങൾ ആർബിഐ കൃത്യമായി പ്രസിദ്ധീകരിക്കും.
*എക്സ്പോർട്ട് ഫിനാൻസ് ഇന്റർ മിനിസ്റ്റീരിയൽ വർക്കിങ് ഗ്രൂപ്പ് കൃത്യമായി നിരീക്ഷിക്കും.
*കയറ്റുമതിക്കുള്ള സമയ നഷ്ടം കുറയ്ക്കും.
*തുറമുഖം,കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങൾ ഡിജിറ്റൽവൽക്കരിക്കും. ഇതിനായി ആക്ഷൻ പ്ലാൻ. 2019 ഡിസംബറിനുള്ളിൽ ഇത് നടപ്പിലാക്കും.
*എല്ലാവർഷവും ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ മാതൃകയിൽ മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ.
*2020 മാർച്ചിൽ നാല് സ്ഥലങ്ങളിൽ നാല് വ്യത്യസ്ത തീമുകളിലായി ഷോപ്പിങ് ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും.
*സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങൾ വിലയിരുത്താൻ പ്രത്യേക പദ്ധതി. ധനകാര്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും ഇത്.
*ഓൺലൈൻ ഒറിജിൻ മാനേജ്മെന്റ് സിസ്റ്റം. ഒറിജിൻ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കും.
*സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ സ്വീകരിക്കാൻ കൃത്യമായ സമയക്രമം നിശ്ചയിക്കും. ഇതിനായി പ്രത്യേക വർക്കിങ് ഗ്രൂപ്പിനെ നിയമിക്കും.
*ടെസ്റ്റിങ് ആൻ സർട്ടിഫിക്കറ്റ് ഇൻഫ്രാസ്ട്രക്ചർ.
*അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്ങുകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ ഇന്ത്യയിലും സൗകര്യമൊരുക്കും.