തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം ഇക്കുറി പ്രതീക്ഷിച്ചതിലും അധികമഴയാണ് കേരളത്തിന് ലഭിച്ചത്. ഇത്തവണ മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ 189 സെന്റീമീറ്ററാണ്. എന്നാല്‍ ജൂണ്‍ ഒന്ന് മുതല്‍ ഈ മാസം 12 വരെ സംസ്ഥാനത്ത് ലഭിച്ചത് 215 സെന്റീമീറ്റര്‍ മഴയാണ്.
42 ശതമാനത്തോളമാണ് പാലക്കാട് അധികമഴ പെയ്തത്. 334 സെന്റീമീറ്ററോളം അധികമഴ ലഭിച്ച കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും മുന്നൂറ് സെന്റീമീറ്ററിലേറെ മഴ പെയ്തു. അതേസമയം ഇടുക്കി വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ചത്ര മഴ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൃഷിയടക്കമുള്ള കാര്യങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിട്ടുണ്ട്. ഈ മാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.