കൊല്‍ക്കത്ത: ഒറ്റ വീഡിയോ കൊണ്ട് ലക്ഷോപലക്ഷം ആളുകളുടെ ഹൃദയം കീഴടക്കിയാളാണ് റനു മണ്ഡാല്‍. പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടുമ്പോള്‍ റനു ഒട്ടും കരുതിയിരുന്നില്ല തന്റെ ജീവിതം മാറിമറിയുമെന്ന്.
എന്നാല്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ആ ഗാനം റനുവിന് സമ്മാനിച്ചത് ഒരു പുതിയ ജീവിതവും ഒപ്പം പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ സ്വന്തം മകളെയുമാണ്. റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോ പകര്‍ത്തിയ വീഡിയോയ്ക്ക് റനു പാടിയ ലതാമങ്കേഷ്‌കറിന്റെ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.
പിന്നീട് നിരവധി പേര്‍ റനുവിനെ തേടിയെത്തി. തുടര്‍ന്ന് ഹിമേഷ് റെഷമിയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചു. ഹിമേഷ് റെഷമിയയ്‌ക്കൊപ്പം സ്റ്റുഡിയോയയില്‍ പാട്ടുപാടുന്ന റനുവിന്റെ ഫോട്ടോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ഹിമേഷിന് നന്ദിയുമായി നിരവധി പേരെത്തിയിരുന്നു. ഇതോടെ ഉപേക്ഷിച്ച് പോയ മകള്‍ അമ്മയെ തേടിയെത്തി. തുടര്‍ന്ന് റനു സതി റോയി എന്ന് മകളെ സ്വീകരിക്കുകയും ചെയ്തു.
ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തി. ഒന്നുമില്ലാതിരുന്ന അമ്മയെ ഉപേക്ഷിച്ച പോയ മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടാണ് തിരിച്ചുവന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയ സതി മകനൊപ്പമാണ് താമസം. പലചരക്കുകട നടത്തുകയാണ് ഇവര്‍.
Discussion about this post