കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ശ്രീധരന് പിള്ളയുടെ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ശ്രീധരന് പിള്ളയുടെ പ്രസംഗത്തെ തുടര്‍ന്ന് ശബരിമലയില്‍ സംഘര്‍ഷമുണ്ടായി. ദര്‍ശനത്തിന് എത്തിയ 52 വയസുള്ള സ്ത്രീയെ വരെ തടയുന്ന സ്ഥിതിയുണ്ടായി, പ്രസംഗത്തിന് ശേഷം ശബരിമലയിലുണ്ടായ സംഘര്‍ഷത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ തന്റെ പ്രസംഗം കേള്‍ക്കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ശ്രീധരന് പിള്ള കോടതിയോട് പറഞ്ഞു. പൊതുജനങ്ങളുടെ സാന്നിധ്യമില്ലാത്ത സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ വ്യാഴാഴ്ച കൂടുതല്‍ വാദം കേള്‍ക്കും. കോഴിക്കോട് നടന്ന യുവമോര്‍ച്ചയുടെ പരിപാടിയിലായിരുന്നു പരാതിക്ക് കാരണമായ ശ്രീധരന് പിള്ളയുടെ വിവാദ പ്രസംഗം.ശബരിമലയില്‍ സ്ത്രീ പ്രവേശിക്കാറായപ്പോള്‍ തന്ത്രി തന്നെ വിളിച്ചെന്നും താന്‍ നട അടച്ചിടാന്‍ പറഞ്ഞെന്നുമാണ് ശ്രീധരന് പിള്ള പറഞ്ഞത്. കൂടാതെ ശബരിമലയില്‍ നടക്കുന്ന സമരം തങ്ങളുടെ അജണ്ഡയാണെന്നും ശ്രീധരന് പിള്ള വിവാദ പ്രസംഗത്തില്‍ പറയുന്നു.
Discussion about this post