ജൂലായില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്; പ്രളയത്തില്‍ അറബിക്കടലിലെ ഉയര്‍ന്ന ചൂടിനു പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഗവേഷകര്‍

ഇത്തരത്തില്‍ ചൂട് വര്‍ധിക്കുന്നത് വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ക്കും സമാനദുരന്തങ്ങള്‍ക്കും കാരണമാവും

തൃശ്ശൂര്‍: ഇത്തവണ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠനം. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയതെന്ന് പഠനത്തില്‍ പറയുന്നു. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അറബിക്കടലിലെ ഉയര്‍ന്ന ചൂട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തിന് വഴിവെച്ചുവെന്ന് ഗവേഷകര്‍ സംശയിക്കുന്നു. ചൂടുകൂടുന്നതിനനുസരിച്ച് ബാഷ്പീകരണം കൂടുതല്‍ സംഭവിക്കുന്നത് ശക്തമായ മഴയ്ക്ക് കാരണമാവുമെന്നും ജൂലായില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തിയ ചൈന, മ്യാന്‍മര്‍ ഭാഗങ്ങളുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ കനത്ത മഴയും പ്രളയവുമുണ്ടായിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ക്രമാവര്‍ത്തനമാണ് ഇത്തവണ ഉണ്ടായത്. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും ഗവേഷകര്‍ പറയുന്നു. അടുത്തകാലത്തായി അറബിക്കടലില്‍ ഇടയ്ക്കിടെ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചൂട് വര്‍ധിക്കുന്നത് വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ക്കും സമാനദുരന്തങ്ങള്‍ക്കും കാരണമാവും. പ്രളയവും അറബിക്കടലും തമ്മിലുള്ള ബന്ധം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്ന് കാലാവസ്ഥാ ഗവേഷകന്‍ ഡോ. ഗോപകുമാര്‍ ചോലയില്‍ പറയുന്നു.

Exit mobile version