തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളത് 380 ചതുരശ്ര കിലോമീറ്ററാണ്. ഇവയില്‍ അതീവ അപകട മേഖലാ പരിധിയില്‍ ഉള്‍പ്പെടുത്തിയത് 108 ചതുരശ്ര കിലോമീറ്ററാണ്. ഈ പ്രദേശങ്ങളില്‍ തൊണ്ണൂറായിരത്തോളം ജനങ്ങളാണ് താമസിക്കുന്നത്. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ണക്കനുസരിച്ച് ഉരുള്‍പൊട്ടല്‍ ഭീഷണി രൂക്ഷമായിട്ടുള്ള താലൂക്കാണ് ചാലക്കുടി.
മുന്‍പ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശങ്ങള്‍, സോയില്‍ പൈപ്പിങ് പ്രതിഭാസമുള്ള ഇടങ്ങള്‍, സഹ്യപര്‍വത മേഖല എന്നിവയെല്ലാം ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ഇടങ്ങളായാണ് കണക്കാക്കുന്നത്. ചാലക്കുടി താലൂക്കില്‍ 245 ചതുരശ്ര കിലോമീറ്ററിലും തലപ്പിള്ളിയില്‍ 22 ചതുരശ്ര കിലോമീറ്ററിലും തൃശ്ശൂരില്‍ 59 ചതുരശ്ര കിലോമീറ്ററിലുമാണ് ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നത്. ചാലക്കുടി-ആനമല, പാലപ്പിള്ളി-എച്ചിപ്പാറ, കുതിരാന്‍, കട്ടിലപ്പൂവ്വം-വരിക്കുളം, പാണ്ടിപ്പറമ്പ്, കുറാഞ്ചേരി, ചിമ്മിനി വന്യജീവി സങ്കേതം, പീച്ചി, വാഴാനി, മലക്കപ്പാറ എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്ക്കുന്നു.
ചാലക്കുടി താലൂക്കിലെ ആനക്കയം കോളനി ഉള്‍പ്പെടുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതാണെന്ന് വനംവകുപ്പിന്റെ പഠനം വ്യക്തമാക്കി. അതേസമയം ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇവരെ വീടുകളിലേക്ക് തിരിച്ച് മടക്കിയയയ്ക്കാനാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post