12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല

പഴയ ഓര്‍മ്മകള്‍ അയവിറക്കി നോസ്റ്റാള്‍ജിയയില്‍ ദുഖഭാരം ചുമന്ന് ജീവിക്കുന്ന ഒട്ടേറെയാളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശി ബിജു എബ്രാഹം ഒരു പടി കൂടി കടന്ന് ചിന്തിച്ചു. ഗ്രാമത്തിന്റെ നൈര്‍മല്യതയും, വിശുദ്ധിയും, പച്ചപ്പും സ്ഫുരിക്കുന്ന ആ പഴയ ഓര്‍മ്മയുടെ മണിച്ചെപ്പുകള്‍ അദ്ദേഹം ഒരോന്നായി തന്റെ ചുറ്റുവട്ടത്തിലേക്ക് പറിച്ച് നട്ടു. ചുറ്റുവട്ടത്തെ ഒരു നുള്ളു പോലും വേദനിപ്പിക്കാതെ 12000 സക്വയര്‍ ഫീറ്റ് വരുന്ന നാലുക്കെട്ട് പടുത്തുയര്‍ത്താന്‍ ബിജുവിന് ആത്മവിശ്വാസം നല്‍കിയതും ആ പഴയ നനവുള്ള ഓര്‍മ്മകളായിരുന്നു. ഉയരത്തില്‍ കുടനിവര്‍ത്തി നില്‍ക്കുന്ന പച്ചപ്പിന് നടുവില്‍ സിമിന്റുപയോഗിക്കാതെ ചെങ്കല്ലുകൊണ്ടും, ഇഷ്ടികകൊണ്ടും മാത്രം പണിതീര്‍ത്ത ഒരു സ്വപ്‌ന വീട്. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്ന് മാത്രമായിരുന്നു ബിജുവിന്റെ മനസില്‍. എന്നാല്‍ ജരാനരകള്‍ ബാധിച്ച അനേകം വയോധികര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ ബിജു അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് 'ഊര്' എന്ന് പേരുള്ള ഈ പരിസ്ഥിതി സൗഹൃദ ഇടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. 1886 മുതലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിമിന്റ് ഉപയോഗിച്ച് തുടങ്ങിയത്. അത് വരെ വീടുകള്‍ പണിതീര്‍ത്തിരുന്നത്‌ മണ്ണും, മറ്റ് പ്രകൃതി പ്രദാനം ചെയ്യുന്ന വിഭവങ്ങളും ചേര്‍ത്തായിരുന്നു. താന്‍ പണിയുന്ന വീടും അത്തരത്തില്‍ ഒന്നാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ബിജു പറയുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച ഈ പ്രകൃതി സ്‌നേഹി ഗ്രാമങ്ങളില്‍ തനത് ശൈലിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷമം വീക്ഷിച്ചു. ഉപയോഗശൂന്യമായി തീര്‍ന്ന 24 വീടുകള്‍ ലേലത്തില്‍ പിടിക്കുകയും, അവ പൊളിച്ച്, അതില്‍ നിന്നും ലഭിച്ച തടിയും, ഇഷ്ടികയും, ടൈലുകളും ശേഖരിച്ച് ഊര് എന്ന തന്റെ സ്വപ്ന വീടിന് ബിജു തറക്കല്ലിട്ടു. ഈ ഭൂമിക്ക് ഒരു ശ്രദ്ധാഞ്ജലി നല്‍കുക എന്നതായിരുന്നു ലക്ഷ്യം, ഈ വീട്ടിലെ തൂണുകള്‍ മുതല്‍ കോണിപ്പടികള്‍ക്ക്‌ വരെ ഒരു കഥപറയാനുണ്ടെന്നും ബിജു അഭിമാനത്തോടെ പറയുന്നു. വീട് പണിക്കായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലെ പരമ്പരാഗത രീതികള്‍ അവലംബിച്ചും ഊരിന് സംഭാവകള്‍ നല്‍കി. ഇന്നിവിടെ മുതിര്‍ന്നവര്‍ക്ക് താമസിക്കാനായി 15 മുറികള്‍ ഒരുക്കിയിട്ടുണ്ട്. അവരുടെ ഏത് ആവശ്യങ്ങള്‍ നിറവേറ്റാനും ഒരു വിളിപ്പാടകലെ ബിജുവും ഉണ്ട്. കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)