തലക്കെട്ടിലെ ‘കിടിലം’ എനിക്ക് ഇഷ്ടപ്പെട്ടു, എന്നാല്‍ ആ ശബ്ദം ഉടമയ്ക്ക് തന്നെ തിരിച്ചുകൊടുക്കുക: അനൂപ് മേനോന്‍

അനൂപ് മേനോന്റെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമെന്ന പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് നടന്‍ അനൂപ് മേനോന്‍. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അനൂപ് മോനോന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഓഡിയോ പ്രചരിക്കുന്നത് അനൂപ് മേനോന്റെ കിടിലം മറുപടി എന്ന പേരിലാണ്. ആ തലക്കെട്ടിലെ ‘കിടിലം’ എന്ന വാക്ക് ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ ശബ്ദത്തിനുടമ താനല്ലെന്നും അനൂപ് മോനോന്‍ പറഞ്ഞു.

സംവരണത്തെ കുറിച്ചും ജാതി മത വ്യത്യാസങ്ങളെ കുറിച്ചും13 മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ ഓഡിയോയില്‍ പറയുന്നുണ്ട്. ആചാരങ്ങള്‍ നമുക്ക് ആചരിക്കുവാനുള്ളതാണെന്നും അത് ലംഘിക്കുന്നത് വ്യക്തികളെ സംബന്ധിച്ചിട്ടുള്ളതാണെന്നുമാണ് ഓഡിയോയില്‍ പറയുന്നത്.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ടവരേ,

‘അനൂപ് മേനോന്റെ കിടിലം മറുപടി’ എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. ജാതിമതസംബന്ധിയായും, വിശിഷ്യാ ശബരിമലവിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുതവോയ്‌സ്‌നോട്ടിന്റെ ഉള്ളടക്കം. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂര്‍/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യത. നല്ല ഭാഷാപ്രാവീണ്യവും, ആധികാരികതയുമുള്ള ആരോ ഒരാള്‍. ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലര്‍ക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താല്‍പര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.അതു കൊണ്ട് തന്നെ ആ പ്രാസംഗികന്‍ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂര്‍വ്വം ഞാനപേക്ഷിക്കുന്നു.

ഇനി പറയാനുള്ളത് മെസേജ് ഫോര്‍വേഡ് ചെയ്യുന്നവരോടാണ്:

നിങ്ങള്‍ വിശ്വസിക്കുന്നഒരു ആശയം പ്രചരിപ്പിക്കാന്‍ എന്റെ പേരുപയോഗിക്കുന്നതില്‍ എന്ത് മാത്രം ധാര്‍മ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ ‘അത് അനൂപ് മേനോനാണെന്ന്’ പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാള്‍ക്ക് തിരിച്ചുകൊടുക്കുക.

സ്‌നേഹപൂര്‍വ്വം
അനൂപ് മേനോന്‍

Exit mobile version