റിലീസിന് തയ്യാറെടുക്കുന്ന 'ഉടലാഴത്തിലെ' 'പൂമാതെ പൊന്നമ്മ' എന്ന ഗാനം വിവാദമാവുന്നു

udalazham movie, song, singer sithara
കൊച്ചി : റിലീസിന് തയ്യാറാവുന്ന 'ഉടലാഴം' എന്ന സിനിമയിലെ പുറത്തിറങ്ങിയ 'പൂമാതെ പൊന്നമ്മ ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം വിവാദത്തിലേക്ക്. മനു ജിത്തിനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വരികളുടെ ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്. എന്നാല്‍ പാട്ടിന്റെ വരികള്‍ മോഷണമാണെന്നും തന്റെ അച്ഛന്റേതാണ് ഇതിലെ വരികള്‍ എന്നും അവകാശപ്പെട്ട് സാമൂഹിക പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ.പി ഗീത രംഗത്ത് വന്നതോടെ ആണ് പാട്ടും സിനിമയും വിവാദത്തില്‍ പെട്ടത് . 'ടിഎച്ച് കുഞ്ഞിരാമന്‍ നമ്പ്യാരെന്ന പാട്ടച്ഛനെ ഓര്‍ത്തുകൊണ്ട് - അവകാശവാദങ്ങളില്ലാത്ത സ്വയം സമര്‍പണം അച്ഛനാണ് എന്നതുകൊണ്ടു മാത്രം ഓര്‍ക്കാതെയും പറയാതെയും അടയാളപ്പെടാതെയും പോകരുതല്ലോ.' എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ കുറിക്കുന്നു. വരികളുടെ ഉടമസ്ഥാവകാശം തന്റെ പാട്ടച്ഛന് നല്‍കാതെയാണ് ഗാനം പുറത്തിറക്കിയതെന്ന് അവര്‍ ആരോപിക്കുമ്പോള്‍ മനു മന്‍ജിത്ത് മൗനം പാലിക്കുകയാണ്. പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് സംഗീതം നല്‍കിയ ഈ പാട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. സംഗീതരംഗത്തെ ഒട്ടനവധി പേര്‍ ഉടലാഴത്തിലെ പാട്ടുകളെ പുകഴ്ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയതിന് പിറകെയാണ് ഇങ്ങനെ ഒരു വിവാദം കത്തിപ്പടരുന്നത്. മനോഹരമായ പെയിന്റിംഗുകളുടെ രചനാദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പ്രസ്തുത ഗാനത്തിന്റെ ലിറിക്ക് വീഡിയോ യൂട്യൂബിലും ഫേസ് ബുക്കിലും വൈറലായി കൊണ്ടിരിക്കുകയാണ് . ഗോപി സുന്ദര്‍, ബിജിബാല്‍, രമേഷ് പിഷാരടി തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ ഉടലാഴത്തിലെ ഗാനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് ഇതിനകം സംസാരിച്ചിട്ടുണ്ട്. ജ്യോത്സ്‌നയും, പുഷ്പവതിയും ചേര്‍ന്ന് ആലപിച്ച ആദ്യഗാനത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ഗാന രചയിതാവായ മനു ജിത് ആദ്യമായാണ് ഇത്തരമൊരു ആരോപണത്തില്‍ പ്രതിക്കൂട്ടിലാകുന്നത്. ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ഡോ. മനോജ് കെടി, ഡോ.രാജേഷ്‌കുമാര്‍, ഡോ.സജീഷ് എം. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ ആവളയാണ്. ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ, ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ, 'മണി'യാണ് നായകന്‍. രമ്യ രാജ്, ജോയ് മാത്യു, ഇന്ദ്രന്‍സ്, അനുമോള്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഗായിക സിത്താരയും മിഥുന്‍ ജയരാജും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രംഗനാഥ് രവി സൗണ്ട് ഡിസൈനിങും ബിജിബാല്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അപ്പു ഭട്ടതിരിയാണ്. അനില്‍ അങ്കമാലിയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്. ഉടലാഴത്തിലെ ഗാനം കാണാന്‍:-

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)