'രാമലീല' ആദ്യാവസാനം ആകാംക്ഷ നിറഞ്ഞു നില്‍ക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍

online sex racket, crime,
കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ, നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'രാമലീല' ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് ഒറ്റനോട്ടത്തില്‍ പറയാം. ആദ്യാവസാനം ആകാംക്ഷ നിറഞ്ഞു നില്‍ക്കുന്ന ത്രില്ലര്‍ സിനിമ തന്നെയാണ് രാമലീല. റണ്‍വേ, ലയണ്‍ തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ച ദിലീപിന്റെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് രാമലീലയിലെ രാമനുണ്ണി. രാമനുണ്ണി എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍, ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പ് അയാള്‍ നേരിടുന്നതിനിടെ ഉണ്ടാകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കൊലപാതകം, കുറ്റാരോപിതനാകുന്ന രാമനുണ്ണി, അതില്‍നിന്ന് രക്ഷപ്പെടാന്‍ അയാള്‍ ശ്രമിക്കുന്ന ഒറ്റയാള്‍ പോരാട്ടം ഇത്രയുമാണ് പ്ലോട്ട്. ഇതു നോണ്‍സെന്‍സുകളില്ലാതെ, അത്യാവശ്യത്തിനു യുക്തികലര്‍ത്തി, സമകാലീന രാഷ്ട്രീയ പശ്ചാത്തലങ്ങളുമായി കൂട്ടിയിണക്കി പറയാന്‍ ശ്രമിച്ചു എന്നതുതന്നെയാണ് രാമലീലയുടെ പ്ലസ് പോയിന്റ്. ജോഷിയുടെ അവതാരത്തിനുശേഷമുള്ള ദിലീപിന്റെ ത്രില്ലര്‍ സിനിമയാണിത്. എന്നാല്‍ വളരെ കൗതുകകരമായ വസ്തുത പൊളിറ്റിക്കല്‍ ത്രില്ലറായിട്ടും സംഘട്ടനങ്ങളോ, രക്തച്ചൊരിച്ചിലോ സൃഷ്ടിച്ചുള്ള കളി സിനിമ പാടേ ഒഴിവാക്കിയിട്ടുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയിലാണു സിനിമയുടെ ട്രാക്ക്. കൊലപാതകിയെക്കുറിച്ച് ഏറെക്കുറെ ഊഹിക്കാമെങ്കിലും ആ ആകാംക്ഷ ഏതെങ്കിലുമൊരുതരത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അരുണ്‍ ഗോപി പലയിടത്തും വിജയിച്ചിട്ടുണ്ട്. പക്ഷേ ഒരു ത്രില്ലറിനുചേരാത്ത തരത്തിലുള്ള മെല്ലെപ്പോക്ക് ചിലപ്പോഴൊക്കെ സിനിമയെ മുഷിപ്പിക്കുന്നുമുണ്ട്. രണ്ടരമണിക്കൂറിനു മുകളിലാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ആക്ഷനും പാട്ടുമൊക്കെ താരതമ്യേന കുറവാണെങ്കിലും ഒരിക്കല്‍ പോലും ചിത്രം പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. അത്യന്തം ഗൗരവതരമാണ് ചിത്രത്തിന്റെ ആദ്യ പകുതി. കഥാപാത്രത്തിന് കൂടുതല്‍ ബില്‍ഡ് അപ്പ് കൊടുക്കാതെ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നു. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ ആദ്യ പകുതിയില്‍ തന്നെയുണ്ട്. എല്ലാം വിശ്വസനീയമായി തന്നെ സിനിമയില്‍ കാണിച്ചിരിക്കുന്നു. രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ ചിത്രത്തിന്റെ ഗൗരവസ്വഭാവത്തിനു മാറ്റം വരുന്നില്ലെങ്കിലും ഹാസ്യത്തിന്റെ മേമ്പൊടി ആവശ്യത്തിന് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതൊന്നും കുത്തിനിറച്ചതാണെന്ന തോന്നല്‍ ഒരിക്കലും ഉണ്ടാവുന്നുമില്ല. ആക്ഷനില്ലെങ്കിലും ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ല. കാഴ്ചക്കാരനെ ഒരു രംഗത്തില്‍ നിന്നും മറ്റൊന്നിലേക്ക് ബോറടിപ്പിക്കാതെ കൈപിടിച്ചു കൊണ്ടു പോകുന്നു സിനിമ. രാമനുണ്ണിയായെത്തിയ ദിലീപ് തന്റെ സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായി. കൗശലവും ഗൗരവവും നിറഞ്ഞ കഥാപാത്രം അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രം. വിജയരാഘവന്‍, സിദ്ദിഖ്, മുകേഷ്. ഇവര്‍ മൂന്നു പേരും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ചു. കലാഭവന്‍ ഷാജോണ്‍ നിലവാരമുള്ള കോമഡികളുമായി കളം നിറഞ്ഞു. രാമനുണ്ണിയുടെ അമ്മ വേഷം രാധികാ ശരത്കുമാറും മികച്ചതാക്കി. നായികയായ പ്രയാഗ മാര്‍ട്ടില്‍ സാധാരണ ഇത്തരം സിനിമകളില്‍ കാണുന്നതു പോലെ കേവലം വന്നു പോകുന്ന കഥാപാത്രമായി ഒതുങ്ങിയില്ലെന്നതും ശ്രദ്ധേയം. മേനക സുരേഷ്‌കുമാര്‍, സായ്കുമാര്‍, സലിംകുമാര്‍, തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവരും മോശമാക്കിയില്ല. അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകന്‍ തന്റെ ആദ്യ ചിത്രം ഗംഭീരമായി തന്നെ ചെയ്തു എന്നു പറയാതെ വയ്യ. പാളിപ്പോയേക്കാവുന്ന അനവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നിട്ടും അവിടെയൊക്കെ തഴക്കം ചെന്ന സംവിധായകനെ പോലെ അദ്ദേഹം പെരുമാറി. മലയാളത്തിന്റെ ഹിറ്റ് സംവിധായകനായ ജോഷിയുടെ സംവിധാന ശൈലി അനുസ്മരിപ്പിച്ചു പല രംഗങ്ങളിലും അരുണ്‍. തന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്ന് ഒരു പുതുമുഖ സംവിധായകനെ ഏല്‍പ്പിക്കാന്‍ സച്ചി കാണിച്ച ധൈര്യവും അംഗീകരിക്കേണ്ടതാണ്. ഷാജി കുമാറിന്റെ ഛായാഗ്രഹണം സിനിമയെ കൂടുതല്‍ മനോഹരമാക്കി. സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ഗോപി സുന്ദര്‍ സിനിമയോട് നീതി പുലര്‍ത്തി. ഓണ കാലത്തിനിറങ്ങിയ സൂപ്പര്‍ പടപ്പുകളില്‍ പലതും മനുഷ്യന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതായിരുന്നു. അതുവച്ചുനോക്കിയാല്‍ ഭേദപ്പെട്ട സിനിമയാണ് രാമലീല. പുതിയ കാലത്തിന്റെ അവതരണമില്ലെങ്കിലും പുതിയ കാലത്തിന്റെ കാര്യങ്ങളുണ്ട്, രാഷ്ട്രീയവും. ഒരുതവണ കണ്ടുനോക്കാനുള്ള വകുപ്പുമുണ്ട് സിനിമയില്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)