തിരുവനന്തപുരം: ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ നാലായിരത്തോലം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച നിസാന്‍ ഡിജിറ്റല്‍ ഹബ്ബിലൂടെയാകും നിസാന്‍ മോട്ടോഴ്‌സിന്റെ എല്ലാ ശൃംഖലകളുടെയും സൈബര്‍ സുരക്ഷ നിയന്ത്രണം നടപ്പാക്കുക. ഡ്രൈവര്‍ രഹിത കാറുകള്‍, ഡേറ്റാ സെന്റര്‍, സെര്‍വറുകള്‍ തുടങ്ങിയ നിസാന്റെ ഓപ്പറേഷന്‍സില്‍ നിര്‍ണായക കേന്ദ്രമാണ് തിരുവനന്തപുരത്ത് ഒരുങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയില്‍ ക്യാമ്പസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡിജിറ്റല്‍ ഹബ്ബ് അവിടേക്ക് മാറ്റി സ്ഥാപിക്കും. ഹബ്ബില്‍ നിന്ന് ലോകത്ത് എവിടെയുമുളള നിസാന്‍ ജീവനക്കാരുമായി ആശയ വിനിമയം നടത്തുന്നത് റോബോട്ടിക്ക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും. നിസാന്റെ പങ്കാളിയായ ടെക് മഹീന്ദ്രയുടെ 100 ജീവനക്കാര്‍ നിസാന് വേണ്ടി തലസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.
ഭാവിയില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് മാതൃകയില്‍ ഇ-കൊമേഴ്‌സിലൂടെ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന സംവിധാനവുമായി ബന്ധപ്പെട്ടുളള ഗവേഷണങ്ങളുമായി നിസാന്‍ മോട്ടോഴ്‌സ് മുന്നോട്ട് പോകുകയാണ്. കിയോസ്‌ക്കുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉരച്ച് കാര്‍ വാങ്ങാന്‍ കഴിയുന്ന കാലത്തേക്കാണ് ലോകം മുന്നേറുന്നതെന്ന് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ഹബ്ബില്‍ നിലവില്‍ 350 ജീവനക്കാരാണുള്ളത്.
ഡീപ് ലേണിങ്, മെഷീന്‍ ലേണിങ്, റോബോട്ടിക്‌സ്, ന്യൂറല്‍ നെറ്റ്‌വര്‍ക്ക്, ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍നെറ്റിക്‌സ് എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ടീമുകളായാകും ഡിജിറ്റല്‍ ഹബ്ബിന്റെ പ്രവര്‍ത്തനം.