ന്യൂഡല്‍ഹി: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ ഒഴിവാക്കി. 44.51 കോടി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ എസ്എംഎസ് ചാര്‍ജുകളും എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ എസ്ബിഐ സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 1000 രൂപ മുതല്‍ 3000 വരെ മിനിമം ബാലന്‍സ് സൂക്ഷിക്കണമായിരുന്നു. ഇല്ലെങ്കില്‍ ബാങ്ക് പിഴ ഈടാക്കുമായിരുന്നു. മെട്രോ, സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു. ശരാശരി പ്രതിമാസ ബാലന്‍സ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ചുമത്തിയിരുന്നു.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്കിലും എസ്ബിഐ മാറ്റം വരുത്തിയിട്ടുണ്ട്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം മൂന്ന് ശതമാനമാക്കി. ആസ്തി, നിക്ഷേപം, ശാഖകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്ബിഐ. എസ്ബിഐക്ക് ഇന്ത്യയില്‍ 21,959 ശാഖകളുണ്ട്.
Discussion about this post