ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം; ആശുപത്രിക്കിടക്കയിലും ആത്മവിശ്വാസത്തോടെ ഹനാന്‍

Hanan,AC Moideen

കൊച്ചി: ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണമെന്ന് ഹനാന്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തന്നെ കാണാന്‍ മന്ത്രി എസി മൊയ്തീനെത്തിയപ്പോഴായിരുന്നു ഹനാന്റെ പ്രത്യാശയുടെ വാക്കുകള്‍.

പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നുള്ള എല്ലാ സഹകരണവും വേണമെന്നും ഹനാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ധനസഹായം സ്വീകരിക്കാനും ഹനാനെ സന്ദര്‍ശിക്കാനുമായി എത്തിയതായിരുന്നു മന്ത്രി.

മുന്‍പത്തേക്കാള്‍ ക്ഷീണമാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്ക് പുതിയ ഹനാനായി തിരിച്ചു വരും എന്നായിരുന്നു മറുപടി. ഹനാന്റെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. പൂര്‍ണ്ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.

ആശുപത്രി വിട്ടാലുടന്‍ മീന്‍ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ മന്ത്രിയോട് പറഞ്ഞു. ബ്രിട്ടാസ് സാര്‍ നല്‍കിയ പേന ഉയര്‍ത്തി ഇത് തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് ഹനാന്‍ പറഞ്ഞപ്പോള്‍ ഇരട്ടി ധൈര്യത്തിന് ഇതുകൂടി ഇരിക്കട്ടെ എന്നു പറഞ്ഞ് മറ്റൊരു പേന കൂടി മന്ത്രി സമ്മാനമായി നല്‍കി. ഹനാന് കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

വടകരയില്‍ നിന്നും എറണാകുളത്തേക്കുളള യാത്രക്കിടെ കൊടുങ്ങല്ലൂരില്‍വച്ചാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഹനാന് നട്ടെല്ലിന് സാരമായ പരുക്കേറ്റിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹനാന്‍. ഹനാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)