2000 പുലര്‍ന്നപ്പോള്‍ ലോകം കണ്ട വിസ്മയചിത്രം 'ആ കുഞ്ഞിക്കാലുകളില്‍ മുത്തശ്ശി മുത്തമിടുന്ന ചിത്രം' മഴയേയും പ്രകൃതിയേയും ഏറെ സ്‌നേഹിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മയില്‍ മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

കൊച്ചി: മഴകളെ പ്രണയിച്ച സാഹസിക പത്ര ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് മലയാളി മനസ്സില്‍ ഒരു നെരിപ്പോടായി തീര്‍ന്നീട്ട് പതിനാറ് ആണ്ടുകള്‍. മഴയേയും പ്രകൃതിയേയും ഏറെ സ്‌നേഹിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മയില്‍ അദ്ദേഹം പകര്‍ത്തിയ ഒരു ചിത്രവും മനോരമയില്‍ ആ ചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നിലെ വിസ്മയകരമായ കഥയും പങ്കുവെക്കുകയാണ് മനോരമയിലെ തന്നെ സീനിയര്‍ ഫോട്ടോഗ്രാഫറായ ജോസ്‌കുട്ടി പനയ്ക്കല്‍. 2000 ജനുവരി ഒന്നിന് മനോരമയില്‍ പ്രസിദ്ധീകരിച്ച ഒരു 'വിക്ടര്‍ ടച്ച്' ചിത്രത്തെക്കുറിച്ചാണ് ജോസ്‌കുട്ടി പനയ്ക്കല്‍ തന്റെ ഫേസ് ബുക്കില്‍ കുറിക്കുന്നത്. 'പ്രഭാതങ്ങള്‍ പൊട്ടിവിടരുന്ന കാഴ്ചയായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളുടെ പുതുവര്‍ഷാരംഭ ചിത്രം. അതില്‍ ചില മാറ്റങ്ങളുണ്ടാക്കാന്‍ പലവര്‍ഷങ്ങളില്‍ പലരും ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും സൂര്യകിരണമില്ലാതെ എങ്ങനെ പുതുവര്‍ഷപുലരിയെ വരവേല്‍ക്കും എന്ന ചിന്തയിലേക്ക് പല പത്രാധിപന്മാരും ഡിസംബര്‍ 31ലെ സായാഹ്നത്തില്‍ എത്തിച്ചേരും. അവസാനം തെങ്ങും തേങ്ങാക്കുലയും സൂര്യകിരണവുമൊക്കെയായി ജനുവരി ഒന്നിന്റെ ഒന്നാംപേജ് വായനക്കാര്‍ക്ക് ആശംസനേര്‍ന്ന് പുറത്തിറങ്ങുകയും ചെയ്യും. എന്നാല്‍ തികച്ചും വിഭിന്നമായിരുന്നു 2000 ജനുവരി ഒന്നില്‍ വിക്ടര്‍ ജോര്‍ജിന്റെ ക്യാമറയിലൂടെ മലയാള മനോരമ ലോകത്തെ കാണിച്ച ചിത്രം. മഴചിത്രങ്ങളെ മാറ്റിനിറുത്തിയാല്‍ വിക്ടര്‍ ജോര്‍ജെന്നു പറയുമ്പോള്‍ 75 ശതമാനം ആളുകളുടെ മനസിലേക്കു ഓടിയെത്തുന്നതും ആ ചിത്രം തന്നെ. അതെ! ആ കുഞ്ഞിക്കാലുകളില്‍ മുത്തശ്ശി മുത്തമിടുന്ന ചിത്രം' ജോസ്‌കുട്ടി കുറിക്കുന്നു. വിക്ടര്‍ ജോര്‍ജടക്കം നാലുപേരുടെ ജീവന്‍ അപഹരിച്ച് തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍പ്പെട്ട വെണ്ണിയാനിയില്‍ പ്രകൃതി സംഹാരതാണ്ഡവമാടി ഉരുള്‍പൊട്ടലുണ്ടായത് 2001 ജൂലൈ ഒന്‍പതിന് പുലര്‍ച്ചെ 2.15നും ഉച്ചയ്ക്ക് 12നുമാണ്. ദുരന്തസ്മാരകമായി വെണ്ണിയാനിയില്‍ നിര്‍മിച്ച സ്മൃതിമണ്ഡപത്തിലെ പെയിന്റും എഴുതിയ അക്ഷരങ്ങളും മാഞ്ഞുതുടങ്ങിയെങ്കിലും ഈ പ്രദേശത്ത് താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഓര്‍മയാണു വെണ്ണിയാനി ദുരന്തം. പുലര്‍ച്ചെ പെയ്ത മഴയോടൊപ്പം മലമുകളില്‍ നിന്ന് അലറിയെത്തിയ വെള്ളപ്പാച്ചിലില്‍ ആദ്യം കവര്‍ന്നെടുത്തത് വെണ്ണിയാനി ഇടയപ്പറമ്പില്‍ ഭാസ്‌കരന്റെയും ഭാര്യ കുമാരിയുടെയും ജീവനാണ്. ഇവരോടൊപ്പം മകന്‍ അനില്‍കുമാറും ഒഴുകിപ്പോയെങ്കിലും പാറയിടുക്കില്‍ തങ്ങിക്കിടന്നു. പക്ഷെ, അതു മരണത്തിനു മുമ്പുള്ള ഒരിടവേള മാത്രമായിരുന്നു. ഓടിയെത്തിയ നാട്ടുകാരുടെ ശ്രമം വിഫലമാക്കി അനിലിനേയും മലവെള്ളം കൊണ്ടുപോയി. ഉരുള്‍പൊട്ടലില്‍ ഭാസ്‌കരന്റെ വീടും അതിനു ചേര്‍ന്നുള്ള ചായക്കടയും അപ്പാടെ തുടച്ചുനീക്കപ്പെട്ടു. രണ്ടരക്കിലോമീറ്റര്‍ താഴെ, മണ്ണില്‍ പുതഞ്ഞ നിലയില്‍ ഭാസ്‌കരന്റെ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 11.30ഓടെയാണ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മഴയുടെ രൗദ്രഭാവങ്ങള്‍ കാമറയില്‍ പകര്‍ത്താനുള്ള തിടുക്കത്തില്‍ ദുരന്തമുഖത്തേക്കു കയറിപ്പോയ വിക്ടറിനെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നൂറോളംവരുന്ന ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് ഉരുള്‍പൊട്ടിയത്. ഇവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. ജൂലൈ 11നു രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ച ഭാസ്‌കരന്റെ വീടിരുന്ന ഭാഗത്താണ് സ്മൃതിമണ്ഡപം നിര്‍മിച്ചിരിക്കുന്നത്. ജോസ്‌കുട്ടി പനയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ആ വിക്ടര്‍ ടച്ച് ചിത്രത്തിനുപിന്നില്‍... പ്രിയ വിക്ടർ ഞങ്ങളുടെ കൺ ഫോക്കസിൽ നിന്നും താങ്കൾ ഔട്ടായിട്ട് 2017 ജൂലൈ ഒൻപതിനു പതിനാറുവർഷമാകുന്നു. ഡിജിറ്റൽ ക്യാമറകൾ അതിന്റെ പ്രതാപത്തിലേക്ക് എത്തുംമുൻപുള്ള താങ്കളുടെ മടക്കം പത്രലോകത്തിനും ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്കും ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. മനക്കണക്കിൽ എടുത്ത ചിത്രങ്ങൾ പ്രിന്റുചെയ്തുവരുമ്പോൾ മാത്രം ദൃശ്യമാകുന്ന കാലത്ത് താങ്കളൊരുക്കിയ വിസ്മയങ്ങൾ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ലോകമെമ്പാടുമുണ്ട്. കോട്ടയത്ത് ഒരുമിച്ചു ജോലിചെയ്യുമ്പോൾ അങ്ങനെയൊരു വിസ്മയത്തെക്കുറിച്ച് താങ്കൾ പങ്കുവച്ചത് ഈ കുറിപ്പുവായിക്കുന്നവർക്കായി ഇവിടെ പങ്കിടുന്നു. പ്രഭാതങ്ങൾ പൊട്ടിവിടരുന്ന കാഴ്ചയായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളുടെ പുതുവർഷാരംഭ ചിത്രം. അതിൽ ചില മാറ്റങ്ങളുണ്ടാക്കാൻ പലവർഷങ്ങളിൽ‌ പലരും ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും സൂര്യകിരണമില്ലാതെ എങ്ങനെ പുതുവർഷപുലരിയെ വരവേൽക്കും എന്ന ചിന്തയിലേക്ക് പല പത്രാധിപന്മാരും ഡിസംബർ 31ലെ സായാഹ്നത്തിൽ എത്തിച്ചേരും. അവസാനം തെങ്ങും തേങ്ങാക്കുലയും സൂര്യകിരണവുമൊക്കെയായി ജനുവരി ഒന്നിന്റെ ഒന്നാംപേജ് വായനക്കാർക്ക് ആശംസനേർന്ന് പുറത്തിറങ്ങുകയും ചെയ്യും. എന്നാൽ തികച്ചും വിഭിന്നമായിരുന്നു 2000 ജനുവരി ഒന്നിൽ വിക്ടർ ജോർജിന്റെ ക്യാമറയിലൂടെ മലയാള മനോരമ ലോകത്തെ കാണിച്ച ചിത്രം. മഴചിത്രങ്ങളെ മാറ്റിനിറുത്തിയാൽ വിക്ടർ ജോർജെന്നു പറയുമ്പോൾ 75 ശതമാനം ആളുകളുടെ മനസിലേക്കു ഓടിയെത്തുന്നതും ആ ചിത്രം തന്നെ. അതെ! ആ കുഞ്ഞിക്കാലുകളിൽ മുത്തശ്ശി മുത്തമിടുന്ന ചിത്രം. ഇതേവർഷംതന്നെ മനോരമയിൽ ജോലിക്കുള്ള പരീക്ഷക്കെത്തിയ എനിക്ക് വിക്ടറിനോട് ചോദിക്കാനുള്ളതും ഈ ചിത്രത്തെക്കുറിച്ചുതന്നെയായിരുന്നു. 1999ൽ നിന്നും 2000ലേക്കുള്ള ഈ നൂറ്റാണ്ടിന്റെ മാറ്റത്തെ എങ്ങനെ ചിത്രത്തിലൂടെ വ്യത്യസ്തമാക്കാം എന്ന് ഏകദേശം അഞ്ചുമാസക്കാലത്തോളം അദ്ദേഹം മനസിലിട്ട് ഉരുക്കി കുറുക്കി എടുക്കുകയായിരുന്നു. പല ആശയങ്ങളും ഡയറിയിൽ കുറിച്ചിട്ടു. പല ചിത്രങ്ങൾ എടുത്തുനോക്കി. ഒന്നും പൂർണതയിലെത്തിയിട്ടില്ലെന്നു മനസ് പറഞ്ഞു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെ പ്രായത്തിൽ മുതിർന്ന സ്ത്രീകളിലൊരാൾ കുഞ്ഞിൻറെ കാലുകളിൽ മുത്തമിടുന്ന ദൃശ്യം കണ്ടപ്പോഴുണ്ടായ ‘സ്പാർക്കാണ്’ നൂറ്റാണ്ടും തലമുറയും മാറുന്ന ആശയം ഉൾക്കൊള്ളുന്ന ചിത്രമായി വിക്ടർ തന്റെ ഫിലിം ക്യാമറയിൽ പിന്നീടു പകർത്തിയത്. അന്ന് മുത്തമിട്ട കുട്ടിയുടെ കാലോ മുത്തശ്ശിയെയോ ആയിരുന്നില്ല തന്റെ ചിത്രത്തിനായി വിക്ടർ തിരഞ്ഞെടുത്തത്. മുഖത്തു ചുളിവുകളുള്ള ഒരു അമ്മൂമ്മയെ അദ്ദേഹംതന്നെ കണ്ടെത്തി പകർത്തുകയായിരുന്നു. ആ അമ്മൂമ്മ ഇന്ന് ഏത് അവസ്ഥയിലാണെന്നറിയില്ല. ആ കുട്ടി 17 വർഷത്തിനുശേഷം ഇപ്പോൾ എന്തുചെയ്യുന്നുവെന്നും അറിയില്ല. ഇത് വായിക്കുന്ന കൂട്ടത്തിൽ ആ കുഞ്ഞുകാലിന്റെ ഉടമ ഉണ്ടെങ്കിൽ പറയാനും മടിക്കേണ്ട. എന്തൊക്കെ തയ്യാറെടുപ്പോടെ മുൻകൂർ ചിത്രങ്ങൾ ഒരുക്കിയാലും അവസാന നിമിഷം ഉണ്ടാകുന്ന വാർത്താ വിസ്ഫോടനങ്ങൾ അവയൊക്കെയും മാറ്റിമറിക്കും. റാഞ്ചിയെടുത്ത ഇന്ത്യൻ എയർലൈസ് വിമാനത്തിലെ യാത്രക്കാരെമോചിപ്പിക്കാൻ തടവിലുള്ള ഭീകരരെ ഇന്ത്യ വിട്ടുകൊടുത്ത വലിയ സംഭവം നടന്ന ദിവസമായിരുന്നു 1999 ഡിസംബർ 31. ഈ വാർത്തയും അതിന്റെ ചിത്രവുമെല്ലാം ഒന്നാംപേജിൽത്തന്നെ നൽകേണ്ട ദിനവുമാണുപിറ്റേന്ന്. ഈ പരീക്ഷണത്തെ മറികടക്കാൻ ചീഫ് ന്യൂസ് എഡിറ്റർമാരും അസോഷ്യേറ്റ് എഡിറ്ററുമെല്ലാം അടങ്ങുന്ന സംഘം വിക്ടറിന്റെ ചിത്രത്തിനായി മാത്രം പ്രത്യേക ഒന്നാം പേജൊരുക്കി. പക്ഷേ ഇതുവരെ അങ്ങനൊരു മുഖപേജ് പ്രധാനപേജിനുമുൻപായി മലയാളത്തിലെങ്ങും ഇറങ്ങിയിട്ടില്ലാത്തതിനാൽ ‘ഇതെങ്ങനെ ശരിയാകും’ എന്ന ചിന്തക്കാരും ഉണ്ടായിരുന്നു. എല്ലാദിവസവുമിറങ്ങുന്ന പത്രത്തിന്റെ രൂപകൽപനയിൽ ഇടപെടാറില്ലാത്ത ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യുവിന്റെ അനുവാദംകൂടി ചരിത്രപരമായ ഈ പേജ് ഇറക്കാൻ അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർമാർ തേടേണ്ടിവന്നു. അങ്ങനെ ഒരു ചിത്രത്തിനുമാത്രമായി ഒന്നാം പേജ് നൽകിയ ചരിത്രവുമായി പിറ്റേന്നത്തെ പത്രം ഇറങ്ങി. മലയാള മനോരമയുടെ കോട്ടയം ഓഫിസ് ഭിത്തിയിൽ വിക്ടർ ടച്ചുമായി ഇന്നും തൂങ്ങിക്കിടക്കുന്ന ആ ചിത്ര‍ം ഉൾക്കൊള്ളുന്ന പത്രത്താളിനുമുന്നിൽ സ്മരണാഞ്ജലി. ഞാനും എന്റെ സഹപ്രവർത്തകരും എടുക്കുന്ന ഏതെങ്കിലുമൊക്കെ വാർത്താചിത്രത്തിൽ ‘അതിനൊരു വിക്ടർ ടച്ചുണ്ടല്ലോ’ എന്ന് ആരെങ്കിലും പറയുമ്പോൾ ഓർമ്മിക്കുന്നു; വിക്ടറെന്ന മുൻഗാമി വെട്ടിത്തെളിച്ചുപോയ പാതയുടെ വ്യാപ്തി. By Josekutty Panackal

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)