ഇതാണ് മമ്മൂട്ടിയുടെ ഒരു ദിവസത്തെ ആഹാരം; ഭക്ഷണശീലത്തെ കുറിച്ച് പേഴ്സണല്‍ കുക്ക് പറയുന്നു    

mammootty,diet

 

ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നിലും കൃത്യവും ചിട്ടയുമാര്‍ന്ന ഭക്ഷണരീതിയാണെന്നാണ് പൊതുവെയുള്ള സംസാരം. കിട്ടുന്നതെന്തും വാരിവലിച്ചുകഴിക്കാതെ മിതമായ ഭക്ഷണശീലമാണ് താന്‍ പിന്തുടരാറുള്ളതെന്ന് മുമ്പ് മമ്മൂട്ടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടിയുടെ പേഴ്സണല്‍ കുക്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭക്ഷണ രഹസ്യമാണ് പേഴ്സണല്‍ കുക്കായ ലെനീഷ് വെളിപ്പെടുത്തിയത്. ഗൃഹലക്ഷ്മി വാരികയോട് സംസാരിക്കുകയായിരുന്നു ലെനീഷ്.

ഓട്സിന്റെ കഞ്ഞിയാണ് മമ്മൂട്ടിയുടെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷ്ണങ്ങളും മുട്ടയുടെ വെള്ളയും. ഇതിനൊപ്പം തലേദിവസം വെള്ളത്തിലിട്ടുവെച്ച് തൊലികളഞ്ഞ പത്ത് ബദാം.

ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങ ചേര്‍ത്ത മീന്‍കറി നിര്‍ബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീന്‍, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണ് ഇഷ്ടം. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവെച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്. കുരുമുളക്പൊടി വിതറിയ പച്ചക്കറി സാലഡ്- ഇത്രയുമാണ് ഉച്ചഭക്ഷണം.

വൈകീട്ട് കട്ടന്‍ചായ മാത്രം കുടിക്കും. രാത്രി ഗോതമ്പിന്റേയോ ഓട്സിന്റേയോ മൂന്ന് ദോശ കഴിക്കും. ഒപ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍കറിയാണ് ഒപ്പം കഴിക്കുക. അതില്ലെങ്കില്‍ ചമ്മന്തി. ശേഷം മഷ്റൂം സൂപ്പ് കഴിക്കും. ലെനീഷ് പറയുന്നു.

തുറുപ്പുഗുലാന്‍ എന്ന ചിത്രം മുതല്‍ മമ്മൂട്ടിക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നത് ലെനീഷാണ്. ഭക്ഷണം ലൊക്കേഷനില്‍ എത്തിക്കുന്നതാണ് മമ്മൂക്കയ്ക്ക് ഇഷ്ടമെന്ന് ലെനീഷ് പറയുന്നു.

ഭക്ഷണം ഇഷ്ടമായാലും ഇല്ലെങ്കിലും ഉടന്‍ തന്നെ മറുപടി നല്‍കും. മമ്മൂക്കയ്ക്കൊപ്പം കൂടിയതിന് പിന്നാലെ അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കയച്ചെന്നും ചേച്ചിയാണ് അദ്ദേഹത്തിന്റെ രുചികളെ കുറിച്ച് പറഞ്ഞുതന്നതെന്നും ലെനീഷ് പറയുന്നു.

പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞുവെന്നല്ലാതെ ഏതെങ്കിലും വലിയ ഹോട്ടലുകളില്‍ പോയി ഭക്ഷണമുണ്ടാക്കി പരിശീലിച്ചിട്ടില്ലെന്നും ലെനീഷ് പറയുന്നു.

മമ്മൂക്ക ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന കൂട്ടത്തിലല്ല. മീനിനോടാണ് താത്പര്യം. എരിവും പുളിയും കുറച്ച് മസാലകള്‍ അധികം ചേര്‍ക്കാതെയുള്ള കറികളാണ് മമ്മൂക്കയ്ക്ക് ഇഷ്ടമെന്നും ലെനീഷ് പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)