മുസ്ലീം പള്ളി നിര്‍മ്മിച്ചു നല്‍കി ക്രിസ്ത്യന്‍ വിശ്വാസിയായ പ്രവാസി മലയാളി: മതസാഹോദര്യത്തിന് പുത്തന്‍ മാതൃകയായത് കായംകുളം സ്വദേശി സജി ചെറിയാന്‍

saji cheriyan,nri man, uae


ദുബായ്: പരിശുദ്ധ റമദാന്‍ മാസത്തില്‍ മുസ്ളീം മതവിശ്വാസികള്‍ക്കായി പള്ളി പണിത് നല്‍കി ക്രിസ്ത്യന്‍ വിശ്വാസിയായ പ്രവാസി മലയാളി. കായംകുളം സ്വദേശിയായ സജി ചെറിയാന്‍ ആണ് ഈ വ്യത്യസ്ഥമായ ചിന്തയിലൂടെ മതസാഹോദര്യത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നത്. 49 വയസ്സുകാരനായ സജി ചെറിയാന്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുഎഇയില്‍ എത്തിച്ചേരുന്നത്.

ഇതിനിടയില്‍ ബിസിനസ്സില്‍ ഒരു പാട് കയറ്റിറക്കങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ 68 മില്ല്യണ്‍ ദിര്‍ഹം ആസ്തിയുള്ള ഒരു വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് സജി. 1.3 മില്ല്യണ്‍ ദര്‍ഹം ചിലവഴിച്ച് യുഎഇയിലെ ഫുജൈറയിലാണ് ഇദ്ദേഹം പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ശേഷം അടുത്തിടെയാണ് പള്ളി വിശ്വാസികള്‍ക്ക് തുറന്ന് നല്‍കാനായി തയ്യാറായിരിക്കുന്നത്.

പ്രവാസികളായ തൊഴിലാളികള്‍ താമസിക്കുന്ന ഒരു ലേബര്‍ ക്യാംപിന്റെ തൊട്ടടുത്തായാണ് ഇദ്ദേഹം പള്ളി പണിതിരിക്കുന്നത്. 800 മുറികളാണ് ഈ കെട്ടിടത്തിലുള്ളത്. കൂടുതലും ഏഷ്യന്‍ സ്വദേശികളായ തൊഴിലാളികളാണ് കെട്ടിടത്തിലെ താമസക്കാര്‍. ഇവരിലെ മുസ്ലിം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ അടുത്തെങ്ങും പള്ളിയില്ല. അതു കൊണ്ട് തന്നെ പള്ളിയില്‍ പോകുവാനായി ഇവര്‍ക്ക് 20 ദിര്‍ഹം ചിലവാക്കി ഫുജൈറ നഗരത്തിലേക്ക് പോകണം. എന്നാലും അവര്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുന്നത് മുടക്കാറില്ല.

ഇതിനെ തുടര്‍ന്നാണ് സജി ഇത്തരമൊരു ആശയത്തെ കുറിച്ച് ചിന്തിച്ചത്. താന്‍ ഇവിടെ ഒരു പള്ളി നിര്‍മ്മിച്ച് നല്‍കിയാല്‍ പാവപ്പെട്ട തൊഴിലാളികള്‍ ദിവസവും ചിലവാക്കുന്ന 20 ദിര്‍ഹം ലാഭിക്കാം എന്ന ചിന്തയാണ് പള്ളി നിര്‍മ്മാണത്തിന് പിറകില്‍. മറിയം ഉമ് ഇസ (മേരി-യേശുവിന്റെ മാതാവ്) എന്നാണ് ഇദ്ദേഹം ഈ പള്ളിക്ക് നല്‍കിയിരിക്കുന്ന പേര്. 250 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താവുന്ന പള്ളിയാണ് ഒരുക്കിയിട്ടുള്ളത്. 700 പേര്‍ക്ക് പള്ളിക്ക് പുറത്ത് ഇരുന്നും പ്രാര്‍ത്ഥനകളില്‍ പങ്കു ചേരാം.

താന്‍ ജനിച്ച് വളര്‍ന്നു വന്നത് എല്ലാ മതക്കാരും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുന്ന ഒരു സ്ഥലത്ത് നിന്നാണ്, എല്ലാ മതങ്ങളുടെയും ആഘോഷങ്ങളും ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ആഘോഷിക്കാറുണ്ട്, അതുകൊണ്ട് തന്നെ താന്‍ ആരോടും മതത്തിന്റെ അടിസ്ഥാനത്തില്‍ പെരുമാറാറില്ല, യുഎഇയും അത്തരത്തിലൊരു രാജ്യമാണ്, അതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തിയുമായി മുന്നോട്ട് വന്നതെന്ന് സജി ചെറിയാന്‍ പറയുമ്പോള്‍ ഓരോ മലയാളിക്കും അതില്‍ അഭിമാനിക്കാന്‍ വക ഏറെയുണ്ട്.

സജി ഇത്തരമൊരു ആശയവുമായി മുന്നോട്ട് പോകുന്നതറിഞ്ഞപ്പോള്‍ അധികൃതരും പല സുമനസ്സുകളും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ വാഗ്ദാനങ്ങളെയും സ്നേഹപൂര്‍വം നിരസിച്ച ഇദ്ദേഹം തനിച്ചാണ് പള്ളി നിര്‍മ്മിച്ച് നല്‍കിയത്. തന്റെ എല്ലാ നേട്ടങ്ങള്‍ക്ക് പുറകിലേയും കരുത്ത് ഭാര്യ എല്‍സിയാണെന്നും സജി പറയുന്നു. സച്ചിന്‍, എല്‍വിന്‍ എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)