മലയാള സിനിമാ ചരിത്രത്തിലെ തന്നെ വേറിട്ടൊരു പരീക്ഷണമായിരുന്നു ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി-രാഹുൽ സദാശിവൻ സിനിമ. ചിത്രത്തിലെ മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ പ്രകടനം വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടതുമാണ്.
എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സ്പൂഫ് അവതരിപ്പിച്ച് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുകയാണ് നടൻ ടിനി ടോം. ഒരു പുരസ്‌കാര വേദിയിൽവെച്ച് മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് ടിനിയുടെ ‘കൊടുമൺ പോറ്റി’ ആയുള്ള അവതരണം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
ടിനി ടോം ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ മേയ്ക്ക്അപ്പ് ഉൾപ്പടെ അനുകരിച്ചാണ് സ്പൂഫ് അവതരിപ്പിച്ചത്. ഈ അവതരണം കണ്ട് അസ്വസ്ഥനാകുന്ന മമ്മൂട്ടിയെ സദസിലും കാണാം. ബിജുക്കുട്ടൻ, ഹരീഷ് കണാരൻ എന്നിവരും സ്‌കിറ്റിന്റെ ഭാഗമായിരുന്നു. ഈ സ്‌കിറ്റ് വളരെ മോശമായിരുന്നെന്ന് പറഞ്ഞ് പരിഹസിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ സംവിധായകൻ എംഎ നിഷാദ് ടിനിയെ ട്രോളുന്ന ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. ‘ജസ്റ്റ് ഫോർ എ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക.. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ’ -എന്നാണ് നിഷാദിന്റെ പോസ്റ്റ്.